ടെല്‍ അവീവ്: വ്യാഴാഴ്ച രാത്രി ടെൽ അവീവിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർക്ക് വെടിയേറ്റു. വെസ്റ്റ് ബാങ്കിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ വെടിവെപ്പിനെ ‘ഭീകരാക്രമണം’ എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശേഷിപ്പിച്ചത്. പലസ്തീൻ പൗരനാണ് വെടിയുതിർത്തതെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഹമാസ് ഏറ്റെടുത്തു. 23കാരനാണ് വെടിയുതിർത്തത്. വെസ്റ്റ്ബാങ്കിൽ നിന്നാണ് ഇയാളെ ലഭിച്ചതെന്ന് ഹമാസ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഇസ്രയേൽ പോലീസ് ഇയാളെ വെടിവെച്ച് വീഴ്‌ത്തിയതിനാൽ വലിയ രീതിയിലുള്ള ആളപായം ഉണ്ടായില്ല. ടെൽ അവീവിലെ ഡിസെൻഗോഫ് സ്ട്രീറ്റിലെ ഒരു റെസ്റ്റോറന്‍റിലാണ് വെടിവെപ്പുണ്ടായത്. തിരക്കുള്ള സമയത്തല്ലായിരുന്നു ആക്രമണം നടന്നത്. വെസ്റ്റ് ബാങ്കിലും ജറുസലേമിലും പലസ്തീനികൾ നടത്തിയ ആക്രമണത്തിന്‍റെ തുടർച്ചയാണ് വ്യാഴാഴ്ചത്തെ വെടിവെപ്പ് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ഒരു വർഷത്തിനിടെ വെസ്റ്റ് ബാങ്കിൽ നിന്ന് ആയിരത്തിലധികം പേരെയാണ് ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തത്. 200ലധികം പലസ്തീനികൾ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. പലസ്തീനികൾ നടത്തിയ ആക്രമണത്തിൽ 40 ലധികം ഇസ്രയേലികളും കൊല്ലപ്പെട്ടിട്ടുണ്ട്.
ടെൽ അവീവിന്‍റെ ഹൃദയഭാഗത്ത് മറ്റൊരു ഭീകരാക്രമണം നടന്നുവെന്നാണ് നെതന്യാഹു സംഭവത്തെ കുറിച്ച് പ്രതികരിച്ചത്. ഇന്ന് രാത്രിയും എല്ലാ രാത്രിയും തീവ്രവാദികളോട് പോരാടുന്ന സേനയുടെ ശക്തി തങ്ങൾ വർദ്ധിപ്പിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു. വ്യാഴാഴ്ച രാവിലെ വെസ്റ്റ് ബാങ്കിൽ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പിലെ മൂന്ന് തോക്കുധാരികളെ ഇസ്രായേൽ സൈന്യം വെടിവെച്ച് കൊന്നിരുന്നു. ഇതിന് പ്രതികാരമായാണ് രാത്രി ആക്രമണം നടത്തിയതെന്നാണ് വിലയിരുത്തൽ. വെടിയേറ്റവർക്ക് ഉടൻ തന്നെ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.