തിരുവനന്തപുരം: മുൻകൂർ അനുമതിയില്ലാതെ വി.സി സ്ഥാനം ഏറ്റെടുത്തതിന് കെ.ടി.യു വി.സി സിസ തോമസിന് കാരണം കാണിക്കൽ നോട്ടീസ് നൽകി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി. സർക്കാർ നൽകിയ പേരുകൾ തള്ളി ഗവർണർ സിസയെ നിയമിച്ചതു മുതൽ സർക്കാർ തർക്കത്തിലാണ്. സിസ തോമസിനെ നിയമിച്ച് അഞ്ച് മാസത്തിന് ശേഷമാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. അടുത്തിടെ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ നിന്ന് സിസയെ നീക്കം ചെയ്യുകയും പകരം നിയമനം നൽകാതിരിക്കുകയും ചെയ്തു. ഒടുവിൽ സിസയുടെ പരാതിയിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തിരുവനന്തപുരത്ത് നിയമനം നടത്താൻ ഉത്തരവിടുകയാണ് ചെയ്തത്.
സിസ നൽകിയ ഹർജിയിലാണ് ഉത്തരവ്. കെ.ടി.യു വി.സി സ്ഥാനത്ത് നിന്ന് സുപ്രീംകോടതി അയോഗ്യയാക്കിയ ഡോ.എം.എസ് രാജശ്രീയെയാണ് സിസ തോമസിന് പകരം നിയമിച്ചത്.
ടെക്നിക്കൽ ഡിപ്പാർട്ട്മെന്‍റിൽ സീനിയർ ജോയിന്‍റ് ഡയറക്ടറായിരിക്കുമ്പോഴാണ് സിസയെ കെടിയുവിന്‍റെ വിസിയായി ഗവർണർ നിയമിച്ചത്. നിലവിൽ വിസി സ്ഥാനത്ത് തുടരുന്നതിന് സിസ തോമസിന് തടസ്സമില്ലെങ്കിലും സിസ തോമസിന്‍റെ പുതിയ നിയമനം തിരുവനന്തപുരം ജില്ലയ്ക്ക് പുറത്താണെങ്കിൽ സാങ്കേതിക പ്രശ്നങ്ങൾ ഉയരാൻ സാധ്യതയുണ്ട്.