തെലങ്കാന : 62ആം വയസ്സിൽ ആദ്യമായി വിമാനയാത്ര നടത്തി എന്ന സന്തോഷത്തിനുമപ്പുറം മിൽക്കുരി ഗംഗവ്വാ എന്ന സ്ത്രീക്ക് അത് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്ന് തന്നെയാണ്. കൂലിപ്പണിക്കാരിയിൽ നിന്നും രാജ്യമറിയുന്ന യുട്യൂബ് താരത്തിലേക്കുള്ള ചുവടുമാറ്റം ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു.
തെലങ്കാനയിലെ ഗ്രാമഭംഗിയും, കാർഷിക സംസ്കാരവുമെല്ലാം അവതരിപ്പിക്കുന്ന ചാനലിനുടമയാണ് അവർ. തെലുങ്ക് ആണ് സംസാരിക്കുന്നതെങ്കിലും, ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് ഗംഗവ്വയുടെ മൈ വില്ലേജ് ഷോക്ക് ഇന്ന് ആരാധകരുണ്ട്. അവരുടെ ഏറ്റവും വലിയ ആഗ്രഹം കൂടിയായിരുന്നു വിമാനയാത്ര. ആഗ്രഹത്തിന് പ്രായം ഒരു തടസ്സമല്ലെന്ന് ഓർമ്മിപ്പിക്കുകയാണ് അവർ.
ഗംഗവ്വയുടെ വിമാനയാത്രയുടെ വീഡിയോയും ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അല്പം പരിഭ്രാന്തിയോടെ, എന്നാൽ അതിലേറെ ആവേശത്തോടെ വിമാനത്തിലിരിക്കുന്ന ഗംഗവ്വയെ വീഡിയോയിൽ കാണാം. സീറ്റ് ബെൽറ്റ് ഇടാൻ പ്രയാസപ്പെടുന്നതും, അകത്തെ കാഴ്ചകളിൽ അത്ഭുതപ്പെടുന്നതുമെല്ലാം അവർ പങ്കുവച്ചിട്ടുണ്ട്. ഉയരത്തിലെത്തിയപ്പോൾ ചെവി വേദനിച്ചു എന്നും, പേടി തോന്നി എന്നും അവർ പറഞ്ഞു. തന്റെ അമ്മയെയും ഇത് പോലെ വിമാനത്തിൽ കൊണ്ടുപോകണമെന്നാണ് കാഴ്ചക്കാരിൽ ഒരാൾ അഭിപ്രായം രേഖപ്പെടുത്തിയത്.