ബെംഗളൂരു: ബി.ജെ.പിക്ക് പിന്തുണ അറിയിച്ച് നടിയും മണ്ഡ്യയിൽ നിന്നുള്ള ലോക്സഭാ അംഗവുമായ സുമലത അംബരീഷ്. വരാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ തന്‍റെ പിന്തുണ ബി.ജെ.പിക്കായിരിക്കുമെന്ന് സുമലത പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വേണ്ടി പ്രചാരണം നടത്തും. എന്നാൽ പാർട്ടി അംഗത്വം സ്വീകരിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ വിശ്വസിക്കുന്നുവെന്നും സുമലത പറഞ്ഞു.
നിലവിൽ മണ്ഡ്യയിൽ നിന്നുള്ള സ്വതന്ത്ര എം.പിയാണ് സുമലത. കർണാടക മുൻ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെ പരാജയപ്പെടുത്തിയാണ് സുമലത ലോക്സഭയിലേക്ക് വിജയിച്ചത്. കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സുമലത ബി.ജെ.പിയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.
സുമലതയുടെ ബി.ജെ.പി പ്രവേശനം ഉടൻ ഉണ്ടാകുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സൂചന നൽകിയിരുന്നു. മെയ് മാസത്തിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡ്യ ജില്ലയിലെ ഏതെങ്കിലും ഒരു മണ്ഡലത്തിൽ നിന്ന് സുമലത മത്സരിക്കാൻ സാധ്യതയുണ്ട്. സിനിമാ മേഖലയിൽ സജീവമായിരുന്ന സുമലത കോൺഗ്രസ് നേതാവും നടനുമായിരുന്ന ഭർത്താവ് അംബരീഷിന്‍റെ മരണശേഷമാണ് രാഷ്ട്രീയത്തിൽ സജീവമായത്.