സ്വയം വിവാഹം കഴിക്കുന്നത് ഇന്ന് അത്ര പുതിയ കാര്യമല്ല. ലോകത്തിന്‍റെ പല ഭാഗങ്ങളിലും സ്വയം വിവാഹം കഴിച്ച ആളുകളുണ്ട്. ഇന്ത്യയിലും ഇങ്ങനെ വിവാഹിതയായ ഒരു യുവതിയുണ്ട്. അന്ന് അതൊരു വലിയ വാർത്തയായിരുന്നു. ഗുജറാത്തിൽ നിന്നുള്ള ക്ഷമാ ബിന്ദുവാണ് ഇന്ത്യയിൽ ആദ്യമായി തന്നെത്തന്നെ വിവാഹം കഴിച്ച സ്ത്രീ. അത്തരത്തിൽ സ്വയം വിവാഹം കഴിച്ച ഒരു സ്ത്രീയുടെ കഥയാണ് ഇപ്പോൾ പുറത്ത് വരുന്നത്. വിവാഹം മാത്രമല്ല, വിവാഹം കഴിച്ച് 24 മണിക്കൂറിനുള്ളിൽ യുവതി ഡിവോഴ്സും ചെയ്തു.
സോഫി മൗറേ എന്ന ഇരുപത്തിയഞ്ച് കാരിയായ യുവതിയാണ് ആരെയും അമ്പരിപ്പിക്കുന്ന തരത്തിലുള്ള ഈ കാര്യം ചെയ്തത്. ഫെബ്രുവരിയിലാണ് യുവതി വിവാഹം കഴിച്ചത്. ഈ വിവരം സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കുകയും ചെയ്തിരുന്നു. വെളുത്ത വിവാഹ വസ്ത്രവും ടിയാരയും ധരിച്ച ഒരു ചിത്രവും സോഫി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. സ്വന്തം വിവാഹത്തിനായി കേക്ക് ഉണ്ടാക്കിയതായും യുവതി പറഞ്ഞിരുന്നു.
സോഷ്യൽ മീഡിയയിൽ ചിലർ അവരെ പിന്തുണച്ചു. അവൾ സ്വയം സ്നേഹിക്കുകയാണ് ചെയ്തതെന്നാണ് അവർ പറയുന്നത്. എന്നാൽ മറ്റു ചിലർ അവളെ വിമർശിച്ചു. സോഷ്യൽ മീഡിയയിൽ ശ്രദ്ധ കിട്ടാൻ വേണ്ടി മാത്രമാണ് സ്വയം വിവാഹം കഴിച്ചതെന്നായിരുന്നു അവരുടെ വാദം. സ്വയം സ്നേഹിക്കുകയും സ്വയം ഒരു പങ്കാളിയായി കാണുകയും ചെയ്യുന്നത് വളരെ മനോഹരമായ കാര്യമാണെന്ന് ഒരാൾ അഭിപ്രായപ്പെട്ടു.
എന്തൊക്കെയാണെങ്കിലും സോഫിയുടെ തന്നെത്തന്നെയുള്ള വിവാഹം അധിക കാലം നീണ്ട് നിന്നില്ല. പിറ്റേ ദിവസം തന്നെ അവൾ വിവാഹത്തിന്റെ അപ്‍ഡേഷൻ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചു. അതിൽ പറയുന്നത് തന്നെ കൊണ്ട് ഇനിയും താങ്ങാൻ വയ്യ അതുകൊണ്ട് ഞാൻ ഡിവോഴ്സ് ചെയ്യാൻ പോവുകയാണ് എന്നാണ്. ഈ പോസ്റ്റിനും ആളുകൾ രസകരമായ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.