ചിന്നക്കനാൽ: ഇടുക്കി ചിന്നക്കനാലിലെ ഒറ്റയാൻ അരിക്കൊമ്പനെ പിടികൂടാൻ 30 അംഗ സംഘത്തിന് രൂപം നൽകി. നാല് കുങ്കി ആനകളും 26 വനംവകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം ഇടുക്കിയിലെത്തുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ഇതിനിടെ പന്നിയാർ എസ്റ്റേറ്റിലെ ലേബർ കാന്‍റീൻ അരിക്കൊമ്പൻ ആക്രമിച്ചു. കെട്ടിടം ഭാഗികമായി തകർന്നു.
30 അംഗ സംഘം ഈ മാസം 16ന് ശേഷമാണ് എത്തുക. അരിക്കൊമ്പനെ പിടിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് വനംവകുപ്പ് നടത്തുന്നത്. ശാസ്ത്രീയമായ രീതിയിലാണ് നടപടികൾ. 30 അംഗ സംഘത്തെ എട്ട് സ്ക്വാഡുകളായി തിരിച്ച് ഡിഎഫ്ഒമാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കും. അരിക്കൊമ്പൻ ദൗത്യം വിജയകരമായി പൂർത്തിയാക്കിയാൽ ചക്കക്കൊമ്പൻ, മൊട്ടവാലൻ തുടങ്ങിയ മറ്റ് ആനകളുടെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും വനംമന്ത്രി പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
രാത്രിയിലാണ് അരിക്കൊമ്പൻ കാന്‍റീനിൽ ആക്രമണം നടത്തിയത്. കാന്‍റീൻ നടത്തുന്ന എഡ്വിൻ ആനയുടെ പിടിയിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഏകദേശം 100 മീറ്ററോളമാണ് ആന ഇയാളുടെ പുറകെ ഓടിയത്. സമീപത്തെ വീട്ടിൽ കയറിയാണ് ഇയാൾ രക്ഷപ്പെട്ടത്. പിന്നീട് നാട്ടുകാർ ആനയെ തുരത്തുകയായിരുന്നു. ആക്രമണത്തിൽ കാന്‍റീന്‍റെ ഭിത്തിയും വാതിലും ജനലും തകർന്നു.