ടെക്സാസ്: ടെക്സാസിലെ മൃഗശാലയിൽ നിന്ന് 20 വർഷം മുമ്പ് കാണാതായ മുതല തിരിച്ചെത്തി. ഓമനിച്ച് വളർത്തുന്നതിനായി മോഷ്ടിച്ചെന്ന് കരുതുന്ന മുതലയെയാണ് 20 വർഷത്തിന് ശേഷം കണ്ടെത്തിയത്. ന്യൂ ബ്രൗൺഫെൽസിലെ അനിമൽ വേൾഡ് ആൻഡ് സ്നേക്ക് ഫാം മൃഗശാലയിൽ നിന്നാണ് മുതലയെ കാണാതായത്. ഈ മുതലയാണ് വെള്ളിയാഴ്ച മൃഗശാലയിൽ തിരിച്ചെത്തിയത്. സമീപ പ്രദേശത്ത് ശല്യമുണ്ടാക്കുന്ന മുതലകളെ പിടികൂടാനുള്ള ശ്രമത്തിനിടയിലാണ് മൃഗശാല അധികൃതർ ഈ മുതലയെ കണ്ടെത്തിയത്. കാള്‍ഡ് വെല്‍ കൗണ്ടി പ്രദേശത്ത് ഭീതി സൃഷ്ടിക്കുന്ന മുതലയെ പിടികൂടാൻ നാട്ടുകാരാണ് മൃഗശാല അധികൃതരുടെ സഹായം തേടിയത്.
കുഞ്ഞായിരുന്ന മുതലയെ മൃഗശാലയിലെ ഒരു സന്നദ്ധപ്രവർത്തകനാണ് മോഷ്ടിച്ചതെന്നാണ് വിശ്വസിക്കുന്നത്. ഇയാൾക്ക് പിഴ ചുമത്തിയെങ്കിലും മുതലയെ കണ്ടെത്താനായില്ല. മുതലയെ മറ്റാർക്കെങ്കിലും നൽകിയിട്ടുണ്ടോയെന്നും അദ്ദേഹം പറഞ്ഞില്ല. പ്രതീക്ഷിച്ചതിലും കൂടുതൽ വലുതാവുകയും, ശല്യമായി മാറിയതിനെയും തുടർന്ന് ഉപേക്ഷിച്ചതായിരിക്കാം എന്നാണ് മൃഗശാല അധികൃതർ പറയുന്നത്.
മൃഗശാല അധികൃതർ മുതലയ്ക്ക് ടേവ എന്ന് പേരിട്ട് പുതിയ താവളത്തിലേക്ക് മാറ്റി. ടേവയെ പതുക്കെ മറ്റ് മുതലകൾക്ക് പരിചയപ്പെടുത്തുമെന്നും ടേവ അവരിൽ ഒരാളായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായും മൃഗശാല അധികൃതർ പറഞ്ഞു. കണ്ടെത്തിയപ്പോൾ മുതലയ്ക്ക് എട്ടടിയിലും കൂടുതൽ വലുപ്പമുണ്ടായിരുന്നു.