കാലിഫോർണിയ: ബോഡി ഫിറ്റ്നസിന് വളരെയധികം പ്രാധാന്യം നൽകുന്ന ആളുകളുടെ എണ്ണം ഇന്ന് വർധിച്ച് കൊണ്ടിരിക്കുകയാണ്. എന്നാൽ ജിമ്മിൽ പോകുന്നതും, ഡയറ്റ് ചെയ്യുന്നതുമൊക്കെ നാളേക്കായി മാറ്റിവെക്കുന്ന നിരവധി പേരുണ്ട്. അത്തരം ആളുകൾക്ക്, ഈ മുത്തശ്ശി ഒരു വലിയ പ്രചോദനമായിരിക്കും. കാരണം, 103 വയസുണ്ടെങ്കിലും മുത്തശ്ശി പതിവായി ജിമ്മിൽ പോകുകയും വ്യായാമം ചെയ്യുകയും ചെയ്യുന്നു. അമേരിക്കയിലെ കാലിഫോർണിയയിൽ നിന്നുള്ള തെരേസ മൂർ എന്ന മുത്തശ്ശിയാണ് ഇത്തരത്തിൽ എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്.
പതിവായി ജിമ്മിൽ പോകുകയും വ്യായാമം ചെയ്യുകയും ചെയ്യുന്ന തെരേസ മൂറിന് കാര്യമായ ശാരീരിക പ്രശ്നങ്ങളൊന്നുമില്ല. ചെറുപ്പക്കാരെ പോലും അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് അവർ ഇപ്പോഴും ഓരോ വ്യായാമവും ചെയ്യുന്നത്. ന്യൂയോർക്ക് പോസ്റ്റ് പറയുന്നതനുസരിച്ച്, തെരേസ മൂർ ഇറ്റലിയിലാണ് ജനിച്ചത്. 1946-ൽ അവർ ഒരു സൈനിക ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചു. ഇത് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ജീവിക്കാൻ അവസരം നൽകി.
ചെറുപ്പം മുതലേ തെരേസ തന്‍റെ വ്യായാമ ദിനചര്യയിൽ കൃത്യനിഷ്ഠത പാലിച്ചിരുന്നു. തന്‍റെ അമ്മയ്ക്ക് ഏറ്റവും സന്തോഷം നൽകുന്ന സ്ഥലം ജിമ്മാണെന്നാണ് തെരേസയുടെ മകൾ ഷീല മൂർ പറയുന്നത്. ജിമ്മിൽ അമ്മയ്ക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ടെന്നും അവരോടൊപ്പം സമയം ചെലവഴിക്കുമ്പോൾ ഒരേ സമയം മാനസികാരോഗ്യവും ശാരീരിക ആരോഗ്യവും അമ്മയ്ക്ക് ലഭിക്കുന്നുണ്ടെന്നും ഷീല മൂർ പറഞ്ഞു.