കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് കേരളം മുഴുവൻ. അധികൃതരെ വിമർശിച്ചും ദുരവസ്ഥ ചൂണ്ടിക്കാട്ടിയും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. വിഷപ്പുകയെത്തുടർന്ന് നിരവധി പേർ ഇതിനകം കൊച്ചിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഈ അവസരത്തിൽ നടി സരയു മോഹൻ പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
“കൊച്ചി ഹൃദയത്തിൽ താമസിക്കുന്നവളാണ്..കൊച്ചിയെ ഹൃദയത്തിൽ കൊണ്ട് നടക്കുന്നവളാണ്. കൊച്ചിയും എറണാകുളവും എന്ന് അഭിമാനത്തോടെ പറയുന്നവളാണ്, ദുരന്ത കയങ്ങളിൽ തുഴഞ്ഞു ശീലമാണ്… (അത് പ്രകൃതി ദുരന്തം ആയാലും ഭരണ ദുരന്തം ആയാലും) പക്ഷേ അവഗണന വേദനയാണ്.
ഒരു ജനതയുടെ ആരോഗ്യം നിസ്സാരമായി കാണുന്ന ഒരു നാട്, കുറ്റവാളി ആരായാലും, അധികാരികൾ, നേതൃസ്ഥാനങ്ങളിലുള്ളവർ, ഭരണ സ്ഥാനങ്ങളിലുള്ളവർ, മനസ്സിൽ കോറിയിട്ട വേദനയുണ്ട്… മാന്യമായ, വ്യക്തമായ ഒരു അഭിസംബോധന, ഒരു അന്വേഷണം, നെഞ്ചുറപ്പോടെ ഒരു വാക്ക്. ഒന്നും തന്നെ കാണാനായില്ല… നാളെ ചീറിപ്പാഞ്ഞെത്തുന്ന വാഹനത്തിന് ഓരം കൊടുത്തും, കല്ലിനെക്കാൾ വലുതായി അതിൽ കോറിയ പേര് നോക്കി വികസനം വന്നേ എന്ന് പുളകം കൊള്ളാനും, പൊള്ളയായ വാക്കുകളിൽ വിളമ്പുന്ന പ്രസംഗപ്രകടനം കേട്ട് ചോര തിളയ്ക്കാനും നിങ്ങൾക്ക് ഇല്ലാത്ത ലജ്ജ ഉള്ളത് കൊണ്ട് സാധിക്കില്ല,” സരയു കുറിച്ചു.