Breaking News

ബ്രഹ്മപുരം മാലിന്യ പ്ലാൻ്റ് തീപിടിത്തം; മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ആരംഭിച്ചു

തിരുവനന്തപുരം/ കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു. തദ്ദേശ വകുപ്പ് മന്ത്രിയും ചീഫ് സെക്രട്ടറിയും ഉൾപ്പടെ അടിയന്തര യോഗത്തിൽ പങ്കെടുക്കും. അതേസമയം സംസ്ഥാനത്തെ മാലിന്യ സംസ്കരണത്തിന് അടിയന്തര മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. നൂറുകണക്കിന് പേജുള്ള റിപ്പോർട്ടുകളല്ല, യുദ്ധകാലാടിസ്ഥാനത്തിൽ ഫലപ്രദമായ പ്രക്രിയയാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി പറഞ്ഞു.

കൊച്ചിയിലടക്കം സംസ്ഥാനത്തെ മാലിന്യ പ്രശ്നത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ തീരുമാനമെടുക്കുമെന്ന് ഡിവിഷൻ ബെഞ്ച് അറിയിച്ചു. സർക്കാരും ഉദ്യോഗസ്ഥരും ഒരുമിച്ച് നിൽക്കണം. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എറണാകുളം ജില്ലാ കളക്ടർ, കോർപ്പറേഷൻ സെക്രട്ടറി എന്നിവരെല്ലാം ഇന്ന് കോടതിയിൽ ഹാജരായിരുന്നു. ബ്രഹ്മപുരം വിഷയത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിന്‍റെ തീരുമാനം ഉൾപ്പെടെ സർക്കാരിന് എന്തുചെയ്യാൻ കഴിയുമെന്ന് രേഖാമൂലം അറിയിക്കാനും അഡീഷണൽ ചീഫ് സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടു.

എറണാകുളം ജില്ലാ കളക്ടറുടെ പ്രവർത്തനത്തിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി ദുരന്തനിവാരണ ചട്ടപ്രകാരമുള്ള നിർദ്ദേശങ്ങൾ ജനങ്ങളിലേക്ക് ശരിയായി എത്തുന്നില്ലെന്നും നിരീക്ഷിച്ചു. രണ്ട് ദിവസത്തിനകം തീ അണയ്ക്കാമെന്ന് ജില്ലാ കളക്ടർ പറഞ്ഞിട്ട് എന്ത് സംഭവിച്ചു? കളക്ടർക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കില്ല. നടപടി ഊർജിതമാക്കണമെന്ന് കോർപ്പറേഷൻ സെക്രട്ടറിയോടും കോടതി ആവശ്യപ്പെട്ടു.

വഴിയിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു. നഗരത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നാളെ മുതൽ നീക്കം ചെയ്യുമെന്ന് കോർപ്പറേഷൻ സെക്രട്ടറി അറിയിച്ചു. മാലിന്യ പ്ലാന്‍റിൽ ഇപ്പോഴും വൈദ്യുതി കണക്ഷൻ ഇല്ലെന്നും അതിനാൽ തീപിടിത്തമുണ്ടായപ്പോൾ തൊഴിലാളികൾക്ക് പെട്ടെന്ന് വെള്ളം ഉപയോഗിച്ച് തീ അണയ്ക്കാൻ കഴിഞ്ഞില്ലെന്നും കോർപ്പറേഷൻ പറഞ്ഞു. ഇന്ന് രാത്രി തന്നെ വൈദ്യുതി നൽകണമെന്ന് കെ.എസ്.ഇ.ബിക്ക് കോടതി നിർദേശം നൽകി. വെള്ളിയാഴ്ച ഉച്ചയ്ക്ക് കേസ് പരിഗണിക്കുമ്പോൾ റിപ്പോർട്ട് സമർപ്പിക്കാനും സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്. 

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …