Breaking News

ഹരിദാസ് വധത്തില്‍ ഏഴു പേര്‍ കസ്റ്റഡിയില്‍; പ്രതികളെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

പുന്നോലിലെ സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസ് വധക്കേസില്‍ ഏഴു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇവരെ കുറിച്ചുള്ള വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ആറു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നതെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു.

രാഷ്ട്രീയ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ആര്‍ ഇളങ്കോ പറഞ്ഞു. ഹരിദാസിന്റെ ശരീരത്തില്‍ ഇരുപതിലധികം വെട്ടുകളുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ഇടതുകാല്‍ മുറിച്ചുമാറ്റിയ നിലയിലാണ്. കൂടുതല്‍ മുറിവുകളും അരയ്ക്കു താഴേയ്ക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുലര്‍ച്ചെ വീടിന് സമീപത്തുവച്ചാണ് ഹരിദാസ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് രാത്രി സുഹൃത്തിന്റെ കൂടെ ബൈക്കില്‍ വീട്ടിലേക്ക് മടങ്ങിയതായിരുന്നു ഹരിദാസ്.

ബൈക്ക് ഇറങ്ങി വീട്ടിലേക്ക് നടക്കവേയാണ് രണ്ടുബൈക്കുകളിലായെത്തിയ സംഘം ഹരിദാസനെ ആക്രമിച്ചത്. വെട്ടേറ്റ് ബഹളം വെച്ചതോടെ വീട്ടുകാര്‍ ഓടിയെത്തിയിരുന്നു. തുടര്‍ന്ന് വീട്ടുകാരുടെ കണ്‍മുന്നില്‍വെച്ചാണ് വെട്ടിനുറുക്കിയത്. ഹരിദാസിന്റെ മൃതദേഹം ഇന്ന് വൈകീട്ട് അഞ്ചിന് പുന്നോലിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പരിയാരം മെഡിക്കല്‍ കോളജില്‍നിന്നും വിലാപയാത്രയായി പുന്നോലിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം മൂന്നുമണിക്ക് സി.പി.എം തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് പുന്നോലില്‍ പൊതുദര്‍ശനമുണ്ടാകും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …