കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റിലുണ്ടായ തീ അണയ്ക്കാൻ പ്രവർത്തിച്ച അഗ്നിശമന സേനയ്ക്ക് ഹൈക്കോടതിയുടെ അഭിനന്ദനം. മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടിത്തവും അതുമൂലമുണ്ടാകുന്ന വിഷപ്പുകയും കൊച്ചിയെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് തീ അണയ്ക്കാൻ ദിവസങ്ങളോളം പ്രവർത്തിച്ച ഉദ്യോഗസ്ഥരെ ഹൈക്കോടതി അഭിനന്ദിച്ചത്. മാലിന്യ സംസ്കരണത്തിൽ കുട്ടികൾക്ക് പരിശീലനം നൽകണം. കൊച്ചിക്കാരെ മുഴുവൻ പഠിപ്പിക്കുന്നതിനേക്കാൾ 1000 കുട്ടികളെ പരിശീലിപ്പിക്കുന്നതാണ് നല്ലതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
മാലിന്യ സംസ്കരണത്തിൽ ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാനാവില്ലെന്നും മൂന്നാർ ഉൾപ്പെടെയുള്ള ഹിൽസ്റ്റേഷനുകളിൽ പ്ലാസ്റ്റിക് മാലിന്യ സംഭരണത്തിന് സംവിധാനം വേണമെന്നും ഹൈക്കോടതി പറഞ്ഞു. മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ ശിക്ഷാനടപടി സ്വീകരിക്കണം. അതില്ലാത്തതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണമെന്നും കോടതി പറഞ്ഞു. ഈ വിഷയത്തിൽ മൂന്ന് അമിക്കസ് ക്യൂറിമാരെ നിയമിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.