കൊല്ലം: ഗർഭപാത്രം നീക്കം ചെയ്ത ശേഷം ഏഴ് ശസ്ത്രക്രിയകൾക്ക് വിധേയയായ യുവതി ദുരിതത്തിൽ. കൊല്ലം പത്തനാപുരം വാഴപ്പാറ സ്വദേശിനി ഷീബയ്ക്കാണ് ഈ അവസ്ഥ. ഡോക്ടർമാരുടെ അനാസ്ഥയാണ് ഷീബയുടെ ദുരവസ്ഥയ്ക്ക് കാരണമെന്ന് കെ.ബി ഗണേഷ് കുമാർ എം.എൽ.എ കഴിഞ്ഞ ദിവസം നിയമസഭയിൽ ഉന്നയിച്ചിരുന്നു.
ഒരു വർഷത്തിനിടെ ഏഴ് ശസ്ത്രക്രിയകൾക്ക് വിധേയയാകേണ്ടി വന്ന യുവതിക്ക് കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വയറുവേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷീബയുടെ ഗർഭപാത്രത്തിൽ മുഴ കണ്ടെത്തിയത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി ഗർഭപാത്രം നീക്കം ചെയ്തു.
ഒന്നരമാസത്തിനുശേഷം ആരോഗ്യനില മോശമാവുകയും തുടർന്ന് കൊല്ലം ജില്ലാ ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയയാവുകയും ചെയ്തു. പക്ഷേ വേദന ശമിച്ചില്ല. പാരിപ്പള്ളി, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ ചികിത്സയ്ക്കായി പോയെങ്കിലും അവഗണിക്കുക മാത്രമാണ് ചെയ്തതെന്ന് 47 കാരി പറഞ്ഞു. ശസ്ത്രക്രിയ നടത്തിയ ഭാഗം തുന്നാൻ പോലും ഡോക്ടർമാർ തയ്യാറായില്ലെന്നും ഷീബ ആരോപിച്ചു. സംഭവത്തിൽ നിരവധി പരാതികൾ നല്‍കിയിരുന്നെങ്കിലും ഒന്നും ഫലം കണ്ടിട്ടില്ല.