അമേരിക്ക: വളർത്തുപൂച്ചയുടെ ഇടപെടലിൽ തീപിടിത്തത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട് ആറംഗ കുടുംബം. അമേരിക്കയിലെ ഒഹിയോയിലെ അലീസ ജോൺ ഹാളും, കുടുംബവുമാണ് 6 മാസം പ്രായമുള്ള നൈന എന്ന പൂച്ചക്കുട്ടിയുടെ ഇടപെടലിൽ രക്ഷപെട്ടത്.
പുലർച്ചെ 5 മണിയോടെയാണ് സംഭവം. ഉറങ്ങിക്കിടന്നിരുന്ന അലീനയെ വളർത്തുപൂച്ച വല്ലാതെ ശല്യപ്പെടുത്തി കൊണ്ടേയിരിക്കുകയായിരുന്നു. പൂച്ച കളിക്കുന്നതാകുമെന്ന് കരുതി അവഗണിച്ചു. എന്നാൽ വീണ്ടും തുടർന്നപ്പോൾ നൈനയെ പുറത്താക്കാൻ എഴുന്നേറ്റപ്പോഴാണ് എന്തോ കത്തുന്ന മണം വന്നത്. താഴത്തെ നിലയിൽ നിന്ന് കറുത്ത പുക ഉയരുന്നത് കണ്ട അവർ ഉടനെ തന്നെ ഭർത്താവിനെയും, കുട്ടികളെയും വിളിച്ചുണർത്തി പുറത്തേക്കിറങ്ങി.
എന്നാൽ ഉടമസ്ഥരെ അപകടത്തിൽ നിന്നും രക്ഷപെടുത്തിയ നൈന അപകടത്തിൽപെട്ടു. പൂച്ച പുറത്ത് എത്തിയില്ലെന്ന് തിരിച്ചറിഞ്ഞ് വീണ്ടും മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് മൂത്തമകന്റെ മുറിയിൽ നൈനയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. സ്വന്തം ജീവൻ വെടിഞ്ഞ് തങ്ങളുടെ ജീവൻ രക്ഷിച്ച പ്രിയപ്പെട്ട നൈനക്ക് നിറകണ്ണുകളോടെ നന്ദി പറയുകയാണ് ഈ കുടുംബം.