Breaking News

വിജേഷ് പിള്ള ഒളിവിൽ, ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞില്ല: കർണാടക പോലീസ്

ബെംഗളൂരു: കേസിൽ നിന്ന് പിൻമാറാൻ സ്വപ്ന സുരേഷിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന വിജേഷ് പിള്ള ഒളിവിലാണെന്ന് കർണാടക പോലീസ്. വിജേഷ് പിള്ളയുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്ന് ബെംഗളൂരു വൈറ്റ്ഫീൽഡ് ഡിസിപി പറഞ്ഞു. വാട്സാപ്പിലൂടെയാണ് വിജേഷ് പിള്ളയ്ക്ക് സമൻസ് അയച്ചത്. ഇതിനോട് വിജേഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഫോൺ സ്വിച്ച് ഓഫ് ആണ്. എത്രയും വേഗം കെ.ആർ പുര പോലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് സമൻസ് അയച്ചിരിക്കുന്നത്. വിജേഷ് പിള്ളയെ കണ്ടെത്താൻ ആവശ്യമെങ്കിൽ കേരള പോലീസിന്‍റെ സഹായവും തേടുമെന്ന് ഡിസിപി എസ് ഗിരീഷ് പറഞ്ഞു.

ഐ.പി.സി 506-ാം വകുപ്പ് പ്രകാരമാണ് വിജേഷ് പിള്ളയ്ക്കെതിരെ ബെംഗളൂരു കൃഷ്ണരാജപുര പോലീസ് കേസെടുത്തത്. ഒടിടി സീരീസിന്‍റെ നിർമ്മാണത്തെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന മാർച്ച് നാലിന് വിജേഷ് പിള്ള ബംഗളൂരുവിലെ വൈറ്റ്ഫീൽഡിലെ സൂരി പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയെന്നാണ് സ്വപ്നയുടെ പരാതി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ എല്ലാ തെളിവുകളും നശിപ്പിക്കണമെന്നും ജയ്പൂരിലേക്കോ ഹരിയാനയിലേക്കോ മാറണമെന്നും തുടർന്ന് വ്യാജ പാസ്പോർട്ട് ഉണ്ടാക്കി മക്കളോടൊപ്പം മലേഷ്യയിലേക്ക് പോകണമെന്നും വിജേഷ് പിള്ള ആവശ്യപ്പെട്ടിരുന്നു. 

ഒത്തുതീർപ്പ് വ്യവസ്ഥകൾ അംഗീകരിക്കാതെ കേസുമായി മുന്നോട്ട് പോയാൽ സ്വപ്നയെ കള്ളക്കേസിൽ കുടുക്കുമെന്ന് വിജേഷ് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. കീഴടങ്ങിയില്ലെങ്കിൽ സ്വപ്നയെ ഇല്ലാതാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞുവെന്ന് വിജേഷ് പറഞ്ഞതായും പരാതിയിൽ പറയുന്നു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …