കുട്ടിയെ തട്ടിക്കൊണ്ടു പോയി ഇത്രയും ദിവസം കഴിഞ്ഞിട്ടും അവ്യക്തസൂചനകൾ മാത്രമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അന്വേഷണം തുടരുന്നു. പ്രതികളുടെ കാർ ,തങ്ങിയ വീട്, ഫോൺ നമ്പർ ഒന്നും തന്നെ ഇതുവരെയും കണ്ടെത്താനായില്ല. പതിനായിരക്കണക്കിന് ഫോൺ കോളുകൾ ആണ് പരിശോധിച്ചത്. ഈ കോളുകളിൽ സംശയമായി ഒന്നും തന്നെ കണ്ടെത്താനും ആയിട്ടില്ല. കുട്ടിയുടെ മാതാപിതാക്കളുടെ അടക്കം കഴിഞ്ഞ ആറുമാസത്തെ വിവരങ്ങളാണ് പോലീസ് പരിശോധിച്ചു കൊണ്ടിരിക്കുന്നത്.
മൊബൈൽ ടവർ പരിധിയിൽ വരുന്ന 10000 കണക്കിന് കോളുകളാണ് പരിശോധിച്ചിരിക്കുന്നത്. തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ അന്വേഷണം ജില്ലക്ക് പുറത്തേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. പ്രതികൾക്കായി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ തിരച്ചിൽ നടക്കുന്നതിനൊപ്പമാണ് സമീപ ജില്ലകളിലും അന്വേഷിക്കുന്നത്. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചിലർ അയൽ ജില്ലകൾ കേന്ദ്രീകരിച്ചു നടത്തിയ ഇടപാടുകൾ സംബന്ധിച്ചാണ് അന്വേഷണം.
കുട്ടിയുമായി കാറിൽ നിന്ന് 10 കിലോമീറ്റർ അകലെ ചാത്തന്നൂരിനടുത്ത് എത്തുന്ന പ്രതികളുടെ മുഖം വ്യക്തമാകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലാത്തതിനാൽ ഈ ദൃശ്യങ്ങൾ നിർണായകമാണ്. സംഘത്തിലെ യുവതി കുട്ടിയെ ഉപേക്ഷിച്ച ആശ്രമം മൈതാനത്തിന് പരിസരം കഴിഞ്ഞദിവസം പോലീസ് അരിച്ചുപെറുക്കുകയുണ്ടായി. എന്നാൽ കുട്ടിയുമായി നഗരത്തിലെത്തി എന്ന് പറയുന്ന നീലനിറത്തിലുള്ള വാഹനമോ ഇവർ തങ്ങി എന്നു പറയുന്ന വീടോ ഇതുവരെയും കണ്ടെത്താനായിട്ടില്ല.
കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്.ഇവ നിർമ്മിച്ചു നൽകിയവർക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൂടാതെ സംഘത്തിലുള്ളവർക്ക് നിർദ്ദേശങ്ങൾ നൽകാൻ പ്രത്യേക സംഘം തന്നെ പ്രവർത്തിച്ചിരുന്നതായി അറിയുന്നു. കുട്ടിയുമായി സഞ്ചരിച്ച കാറിൽ ഉള്ളവർക്ക് പോലീസിൻ്റെ നീക്കങ്ങളെ പറ്റി മുന്നറിയിപ്പ് നൽകാൻ ബൈക്കിൽ എസ്കോർട്ട് സംഘവുംഉണ്ടായിരുന്നു. കുട്ടിയുമായി രാത്രിയിൽ സംഘം കൊല്ലം നഗരത്തിന് അടുത്ത് എവിടെയോ തങ്ങിയെന്നു പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിന് സൈബർ സെൽ ഉദ്യോഗസ്ഥർ അടക്കം 200റോളം പേരുള്ള പ്രത്യേക പോലീസ് സംഘത്തെ ഇതിനോടകം നിയോഗിച്ചു കഴിഞ്ഞു.