കിടപ്പുരോഗിയായ പിതാവിനെയാണ് മകൻ തീകൊളുത്തി കൊല്ലപ്പെടുത്തിയത്. കൊലപാതകം പണം ആവശ്യപ്പെട്ടു മകൻ അച്ഛനുമായി തർക്കത്തിൽ ആയതിനെ തുടർന്നു. സാമ്പത്തിക തർക്കത്തെ തുടർന്നു കിടപ്പു രോഗിയായ പിതാവിനെ ഭാര്യയുടെ കൺമുന്നിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. പരവൂർ കോട്ടപ്പുറം തെക്കേ കല്ലുംപുറം വീട്ടിൽ 85 വയസ്സുള്ള പി ശ്രീനിവാസനാണ് മരിച്ചത്. സംഭവത്തിൽ ശ്രീനിവാസന്റെ രണ്ടാമത്തെ മകൻ കോട്ടപ്പുറം തെക്കേ കല്ലുംപുറം വീട്ടിൽ ഓട്ടോ ഡ്രൈവറായ എസ് അനിൽകുമാർ ആണ് അറസ്റ്റിൽ ആയത്.
മാതാവ് വസുമതിയുടെ കൺമുന്നിൽ വച്ചാണ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. അനിൽകുമാറിനെ പരവൂർ പോലീസ് സംഭവ സ്ഥലത്തു വച്ച് അറസ്റ്റ് ചെയ്തു.പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ഫോറൻസിക് പരിശോധന നടത്തി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ കുടുംബവീട്ടിൽ എത്തിയ അനിൽകുമാർ വീട്ടിലെ കിടപ്പുമുറിയിൽ വാർദ്ധക്യസഹജമായ അസുഖങ്ങളും വൃക്ക രോഗവും കാരണം വർഷങ്ങളായി കിടപ്പിലായ അച്ഛൻ ശ്രീനിവാസനോട് തന്റെ മകന് വിദേശത്ത് പഠിക്കാനുള്ള തുകയും പുതുതായി വാങ്ങിയ ഓട്ടോയ്ക്ക് നൽകാൻ ഒരു ലക്ഷം രൂപയും ആവശ്യപ്പെട്ടു തർക്കത്തിൽ ആവുകയായിരുന്നു.
പെട്ടെന്ന് പ്രകോപിതനായ അനിൽകുമാർ പ്ലാസ്റ്റിക് കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ ശ്രീനിവാസന്റെ ശരീരത്തിൽ ഒഴിച്ചു എന്ന് പോലീസ് പറയുന്നു. സംഭവസമയം അനിൽകുമാറിന്റെ മാതാവും ഹോംനേഴ്സും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ആരോഗ്യപ്രശ്നങ്ങൾ മൂലം അവശയായ വസുമതിക്ക് സംഭവം കണ്ടുനിൽക്കാനേ കഴിഞ്ഞുള്ളൂ. അടുക്കളയിൽ ആയിരുന്ന ഹോംനേഴ്സ് നിലവിളിച്ചതോടെ അനിൽകുമാർ പുറത്തേക്ക് ഓടി. അയൽക്കാർ പരവൂർ പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു.
പോലീസ് എത്തുന്നതിന് മുൻപ് വെള്ളം ഒഴിച്ച് തീ കെടുത്താൻ അയൽക്കാർശ്രമിച്ചില്ലെങ്കിലും കിടക്കയ്ക്ക് തീ പിടിച്ചതിനാൽ ഗുരുതരമായി പൊള്ളലേറ്റ ശ്രീനിവാസൻ മരിച്ചു. തലേദിവസം രാത്രി മദ്യപിച്ച് പണം ആവശ്യപ്പെട്ട അനിൽകുമാർ പിതാവിനെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു. പ്രവാസിയായിരുന്ന ശ്രീനിവാസൻ വർഷങ്ങൾക്കു മുൻപ് നാട്ടിലെത്തി മിൽ നടത്തിയിരുന്നു. മൂന്നുവർഷത്തോളമായി രോഗശയ്യയിൽ ആയിരുന്നു ശ്രീനിവാസൻ .അറസ്റ്റിലായ അനിൽകുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.