ഈ വർഷം നടക്കുന്ന ടി-20 ലോകകപ്പിൽ പാകിസ്താൻ ചാമ്പ്യന്മാരാവുമെന്ന് മുൻ പാക് താരം ഷൊഐബ് അക്തർ. ഇന്ത്യയെ ഫൈനലിൽ തോല്പിച്ചാവും പാകിസ്താൻ്റെ കിരീടധാരണം എന്നും ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ അക്തർ പറഞ്ഞു.
യുഎഇയിലെ സാഹചര്യം ഇന്ത്യക്കും പാകിസ്താനും ഒരുപോലെ ഗുണം ചെയ്യുമെന്നും അതിനാൽ ഇരു ടീമുകളും കലാശപ്പോരിൽ കളിക്കാനാണ് സാധ്യതയെന്നുമാണ് താരത്തിൻ്റെ പ്രവചനം. അതേസമയം,
ലോകകപ്പുകളിൽ ഇതുവരെ ഇന്ത്യയെ പരാജയപ്പെടുത്താ പാകിസ്താനു കഴിഞ്ഞിട്ടില്ല. മുൻപ് 11 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോഴും ഇന്ത്യക്കായിരുന്നു ജയം. ലോകകപ്പിൽ ഇന്ത്യയും
പാകിസ്താനും ഒരേ ഗ്രൂപ്പിലാണ് ഉൾപ്പെട്ടിട്ടുള്ളത്. ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയെയും പാകിസ്തനെയും കൂടാതെ ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ, ഗ്രൂപ്പ് എ റണ്ണറപ്പ്, ഗ്രൂപ്പ്
ബി വിജയി എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. ഗ്രൂപ്പ് ഒന്നാണ് ടൂർണമെന്റിലെ മരണഗ്രൂപ്പ്. നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ്, മുൻ ജേതാക്കളായ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ,
സൗത്താഫ്രിക്ക, ഗ്രൂപ്പ് എയിലെ വിജയികൾ. ഗ്രൂപ്പ് ബിയിലെ റണ്ണറപ്പ് എന്നിവരാണ് ഗ്രൂപ്പ് ഒന്നിലുള്ളത്.
എട്ടു ടീമുകളാണ് സൂപ്പർ 12ലേക്കു യോഗ്യത നേടിയിരിക്കുന്നത്. ശേഷിച്ച നാലു ടീമുകൾ യോഗ്യതാ റൗണ്ട് കടന്നായിരിക്കും സൂപ്പർ 12ലേക്കു എത്തുക. യോഗ്യതാ റൗണ്ടിൽ രണ്ടു ഗ്രൂപ്പുകളിലായി എട്ടു ടീമുകളുണ്ട്.
ഗ്രൂപ്പ് എയിൽ ശ്രീലങ്ക, അയർലൻഡ്, നെതർലൻഡ്‌സ്, നമീബിയ എന്നിവരും ഗ്രൂപ്പ് ബിയിൽ ബംഗ്ലാദേശ്, സ്‌കോട്ട്‌ലാൻഡ്, പപ്പുവ ന്യുഗ്വിനിയ, ഒമാൻ എന്നിവർ ഗ്രൂപ്പ് ബിയിലും
മാറ്റുരയ്ക്കും. ഒക്ടോബർ 17 മുതൽ നവംബർ 14 വരെ യുഎഇ, ഒമാൻ എന്നീവിടങ്ങളിലായാണ് ടി-20 ലോകകപ്പ് അരങ്ങേറുന്നത്.