ഒളിമ്ബിക്സില്‍ ക്രിക്കറ്റും ഒരു മത്സരയിനമായി ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ ഐസിസി ആരംഭിച്ചു. 2028ല്‍ ലോസ് ഏഞ്ചല്‍സില്‍ നടക്കുന്ന ഒളിമ്ബിക്സില്‍ ക്രിക്കറ്റിനെ ഉള്‍പ്പെടുത്താന്‍ ശ്രമം തുടങ്ങിയതായി ഐസിസി അറിയിച്ചു.
ഏകദേശം 30 മില്ല്യണ്‍ ക്രിക്കറ്റ് ആരാധകരാണ് അമേരിക്കയില്‍ ഉള്ളതെന്നാണ് ഐസിസിയുടെ നിഗമനം. ആ സ്ഥിതിക്ക് ക്രിക്കറ്റിന് അരങ്ങേറ്റം കുറിക്കാന്‍ ലോസ് ഏഞ്ചല്‍സിനേക്കാള്‍
നല്ലൊരു വേദി വേറെ ഉണ്ടാകില്ലെന്നാണ് ഐസിസിയുടെ കണക്കുകൂട്ടല്‍. ലോസ് ഏഞ്ചല്‍സ് ഒളിമ്ബിക്സില്‍ ക്രിക്കറ്റിനു വേണ്ടി ബിഡ് ചെയ്യുന്നതിനു വേണ്ടി ഒരു പ്രവര്‍ത്തക സമിതിയെ
ഐസിസി നിയമിച്ചിട്ടുണ്ട്. ഐസിസിയുടെ ശ്രമങ്ങള്‍ വിജയകരമായാല്‍ 128 വര്‍ഷങ്ങള്‍ക്കു ശേഷമായിരിക്കും ക്രിക്കറ്റ് ഒളിമ്ബിക്സ് വേദിയിലേക്ക്
മടങ്ങി വരുന്നത്. ഇതിനു മുമ്ബ് 1900ല്‍ നടന്ന പാരിസ് ഒളിമ്ബിക്സിലാണ് ക്രിക്കറ്റ് ഒരു മത്സര ഇനമായി നടത്തപ്പെട്ടത്. എന്നാല്‍ അന്ന് ആതിഥേയ രാഷ്ട്രമായ ഫ്രാന്‍സും ബ്രിട്ടനും മാത്രമാണ് ക്രിക്കറ്റില്‍ മത്സരിച്ചത്.
ഒളിമ്ബിക്സിലേക്കുള്ള ക്രിക്കറ്റിന്റെ മടങ്ങി വരവ് ക്രിക്കറ്റിനും ഒളിമ്ബിക്സിനും ഒരു പോലെ ഗുണകരമായിരിക്കുമെന്ന് ഐസിസി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്‌ളെ പറഞ്ഞു. ക്രിക്കറ്റിനു ലോകമെമ്ബാടുമായി കോടിക്കണക്കിന് ആരാധകരുണ്ടെന്നും അവരില്‍
മഹാഭൂരിപക്ഷവും ക്രിക്കറ്റ് ഒളിമ്ബിക്സില്‍ മത്സരയിനമാകുന്നതിന് ആഗ്രഹിക്കുന്നവരാണെന്നും ബാര്‍ക്ളെ പറഞ്ഞു. ഒരുപക്ഷേ ക്രിക്കറ്റ് ഒളിമ്ബിക്സിലേക്ക് മടങ്ങിവരുന്നതു
കൊണ്ടുള്ള ഏറ്റവും വലിയ പ്രയോജനം ലഭിക്കുന്നത് ഇന്ത്യക്കായിരിക്കും. ലോകക്രിക്കറ്റിലെ തന്നെ വന്‍ ശക്തിയായ ഇന്ത്യക്ക് ക്രിക്കറ്റിലൂടെ ഒരു പക്ഷേ സ്വര്‍ണം വരെ സ്വന്തമാക്കാന്‍ കഴിഞ്ഞേക്കും.