പഠനാവശ്യത്തിനുള്ള മൊബൈല്‍ റേഞ്ച് കിട്ടാനായി മരത്തില്‍ കയറിയ വിദ്യര്‍ഥിക്ക് വീണു പരിക്കേറ്റ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു.
കൂത്തുപറമ്ബ് ചിറ്റാരിപറമ്ബിനടുത്ത് കണ്ണവം വനമേഖലയില്‍ ഉള്‍പ്പെടുന്ന പന്നിയോട് ആദിവാസി കോളനിയിലെ വിദ്യാര്‍ഥിക്കാണ് കഴിഞ്ഞ ദിവസം മരത്തില്‍ നിന്ന് വീണ് പരിക്കേറ്റത്. കണ്ണൂര്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് നല്‍കാന്‍ മനുഷ്യാവകാശ കമീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്ലസ് വണ്‍ അലോട്ട്മെന്റ് വിവരങ്ങള്‍ക്കായി ഇന്‍റര്‍നെറ്റ് കിട്ടാനാണ് പന്നിയോട് ആദിവാസി കോളനിയിലെ പി. ബാബു -ഉഷ ദമ്ബതികളുടെ മകന്‍ അനന്തു ബാബു മരത്തില്‍ കയറിയത്.
മരത്തില്‍ നിന്ന് കൊെമ്ബാടിഞ്ഞു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ നാട്ടുകാര്‍ ആദ്യം കൂത്തുപറമ്ബ് താലൂക്ക് ആശുപതിയിലും പിന്നീട് ജില്ല ആശുപത്രിയിലും എത്തിച്ചു.
ഗുരുതര പരിക്കായതിനാല്‍ പിന്നീട് കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തലയ്ക്കും കാലിനും മുതുകിലും പരുക്കേറ്റ അനന്തു ബാബുവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി.
വനമേഖലയില്‍ ഉള്‍പ്പെടുന്ന പന്നിയോട് ഭാഗത്ത് മൊബൈല്‍ റേഞ്ച് പരിമിതമായ തോതിലെ ലഭിക്കാറുള്ളു. ഇതിനെ തുടര്‍ന്ന് റേഞ്ച് ലഭിക്കാനായി വിദ്യാര്‍ഥികള്‍ മരത്തെയാണ് പലപ്പോഴും ആശ്രയിക്കാറുള്ളത്.
ഇത് സംബന്ധിച്ച് അടുത്തകാലത്തായി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ വിവരങ്ങള്‍ ശേഖരിക്കുകയും പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നെങ്കിലും പരിഹാരമുണ്ടായിരുന്നില്ല.
അനന്ത് ബാബുവും അടുത്ത കാലം വരെയും മരത്തില്‍ക്കയറിയാണ് ഓണ്‍ലൈനില്‍ പഠിച്ചു കൊണ്ടിരുന്നത്. കഴിഞ്ഞ ദിവസം അലോട്ട്മെന്റ് വിവരങ്ങള്‍ അറിയാനായാണ് മരത്തില്‍ കയറിയത്.