സംസ്ഥാനത്തെ സിനിമ തീയേറ്ററുകള്‍ തുറക്കുന്നതില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന് അറിയിച്ചു. കൊവിഡ് വ്യാപന തോത് കുറഞ്ഞാലേ തീയേറ്ററുകള്‍ തുറക്കാനാകു എന്നും, തിയേറ്റര്‍ ഉടമകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ സഹായം നല്‍കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നത് ഘട്ടം ഘട്ടമായിട്ടാണ്. ആദ്യപടിയായി സീരിയല്‍ ഷൂട്ടിംഗ് അനുവദിച്ചു. പിന്നീട് സിനിമാ ഷൂടിംഗ് അനുവദിച്ചു. ഇപ്പോള്‍ സ്കളൂകള്‍ തുറക്കാനുള്ള തയ്യാറെടുപ്പിലാണെന്നും അടുത്ത ഘട്ടത്തില്‍ തീയേറ്ററുകള്‍ തുറക്കാനും അനുമതി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
അടുത്ത നാല് മാസത്തേക്ക് കൂടി തീയേറ്റര്‍ തുറക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഡിസംബര്‍ വരെയെങ്കിലും കാത്തിരിക്കണമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ഓണത്തിന് മുമ്ബ് തീയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് തീയേറ്റര്‍ ഉടമകള്‍ സര്‍കാരിനെ സമീപിച്ചിരുന്നു. തീയേറ്ററുകള്‍ക്ക് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടി ശരിയല്ലെന്നാണ് ഇവര്‍ സര്‍കാരിനെ അറിയിച്ചത്.