കൊച്ചിയിലെത്തുന്നവര്‍ക്ക് ഇനിമുതല്‍ പത്തുരൂപയ്ക്ക് ഉച്ചയ്ക്ക് ഊണു കഴിക്കാം. കൊച്ചി കോര്‍പ്പറേഷന്റെ ജനകീയ ഹോട്ടലായ സമൃദ്ധി@കൊച്ചിയിലാണ് 10 രൂപക്ക് ഉച്ചയുണ് ലഭിക്കുന്നത്. ചോറ്, സാമ്ബാര്‍, കൂടാതെ രണ്ട് കൂട്ടം കറികള്‍, അച്ചാര്‍ എന്നിവയാണ് 10 രൂപയുടെ ഊണിലുണ്ടാകുക.
പാഴ്‌സല്‍ വാങ്ങണമെങ്കില്‍ 15 രൂപയാകും. പകല്‍ 11 മുതല്‍ മൂന്ന് വരെയാണ് ഉച്ചയൂണ് ലഭിക്കുക. മിതമായ നിരക്കില്‍ മീന്‍ വറുത്തത് ഉള്‍പ്പെടെയുള്ള പ്രത്യേക വിഭവങ്ങളും ലഭ്യമാക്കും. അടുത്ത മാസം മുതല്‍ 20 രൂപ നിരക്കില്‍ പ്രഭാത ഭക്ഷണവും അത്താഴവും ലഭ്യമാക്കും.
1500 പേര്‍ക്കുള്ള ഭക്ഷണമാണ് ആദ്യ ഘട്ടത്തില്‍ ഉണ്ടാക്കുന്നത്. ഇതു പിന്നീട് 3000 പേര്‍ക്കായി വര്‍ധിപ്പിക്കും. എറണാകുളം നോര്‍ത്ത് നോര്‍ത്ത് പരമാര റോഡില്‍ കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ലിബ്രാ ഹോട്ടല്‍ കെട്ടിടത്തിലാണു ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചത്. നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് സമീപമാണ് ഈ കെട്ടിടം.
ആധുനിക സംവിധാനങ്ങളോടു കൂടിയുള്ള കേന്ദ്രീകൃത അടുക്കളയാണു ഹോട്ടലില്‍ തയാറാക്കിയിട്ടുള്ളത്. പദ്ധതിയുടെ ഉദ്ഘാടനം ചലച്ചിത്രം താരം മഞ്ജവവാര്യര്‍ നിര്‍വഹിച്ചു. താന്‍ രണ്ട് വര്‍ഷത്തിന് ശേഷമാണ് ഒരു പൊതുചടങ്ങില്‍ പങ്കെടുക്കുന്നതെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. മിതമായ നിരക്കില്‍ പോഷക സമൃദ്ധമായ ഭക്ഷണം വിളമ്ബുന്ന വനിതകള്‍ക്കായുളള സംരംഭത്തില്‍ തന്നെ ക്ഷണിച്ചതില്‍ അഭിമാനമുണ്ടെന്നും, മേയറോട് നന്ദിയുണ്ടെന്നും അവര്‍ അറിയിച്ചു.