കൊണ്ടോട്ടിയില്‍ ഇരുപത്തിയൊന്നുകാരിയായ വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ കുറ്റാരോപിതനായ പതിനഞ്ചുക്കാരനെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരമാണ് കോഴിക്കോടുള്ള ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റിയത്.
പ്രതിയെ ഇന്നലെ രാത്രിയോടെയാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കിയത്. പ്രതിയുടെ വിശദമായ വൈദ്യപരിശോധന പൂര്‍ത്തിയാക്കേണ്ടതുണ്ട് എന്നാണ് വിവരം. പെണ്‍കുട്ടിയുടെ നാട്ടുകാരനായ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് പിടിയിലായതെന്നു പൊലീസ് ഇന്നലെ അറിയിച്ചിരുന്നു.
തിങ്കളാഴ്ചയാണ് യുവതിക്ക് നേര്‍ക്ക് ആക്രമണമുണ്ടായത്. പഠന ആവശ്യത്തിനായി പോകുമ്ബോള്‍ ഒരാള്‍ തന്നെ കടന്നുപിടിക്കുകയും ഒഴിഞ്ഞ പ്രദേശത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നെന്ന് യുവതി മൊഴി നല്‍കിയതായാണ് വിവരം. പീഡനശ്രമം ചെറുത്തപ്പോള്‍ അയാള്‍ യുവതിയെ കല്ലുകൊണ്ട് ഇടിച്ചു പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പതിനഞ്ചുകാരന്‍ പിടിയിലായതെന്നാണ് വിവരം. മീശയും താടിയും ഇല്ലാത്ത വെളുത്ത് തടിച്ച ആളാണ് അക്രമിച്ചതെന്ന് യുവതി മൊഴി നല്‍കിയിരുന്നു. അന്വേഷണത്തിനൊടുവില്‍ പ്രതിയെ പൊലീസ് വീട്ടിലെത്തി പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പതിനഞ്ചുകാരന്‍ കുറ്റംസമ്മതിച്ചതായി പൊലീസ് പറഞ്ഞു.
എഡിറ്ററുടെ കുറിപ്പ്: സുപ്രീം കോടതി ഉത്തരവ് അനുസരിച്ച്, ബലാത്സംഗത്തിനോ ലൈംഗികാതിക്രമത്തിനോ ഇരയായവരെ (വ്യക്തി / പ്രായപൂര്‍ത്തിയാകാത്ത ആള്‍) തിരിച്ചറിയാന്‍ ഇടയാക്കുന്ന ഏതെങ്കിലും വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ല.