പീഡന പരാതിയിൽ ഒളിവിലായിരുന്ന വ്ലോഗർ ശ്രീകാന്ത് വെട്ടിയാർ കീഴടങ്ങി. ഇന്ന് അഭിഭാഷകനൊപ്പം എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ഹാജരായത്. കേസിൽ ഇദ്ദേഹത്തിന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ഇന്ന് ശ്രീകാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി ജാമ്യം നൽകും.
യുവതിയെ ബലാത്സംഗം ചെയ്ത് കേസിൽ വ്ലോഗർ ശ്രീകാന്ത് വെട്ടിയാർക്ക് മുൻകൂർ ജാമ്യം. ഹൈക്കോടതി ആണ് ശ്രീകാന്തിന് മുൻകൂർ ജാമ്യം അനുവദിച്ചത്. കൊച്ചിയിലെ ഫ്ലാറ്റിൽവെച്ചും ഹോട്ടലിൽവെച്ചും ശ്രീകാന്ത് വെട്ടിയാർ യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്. എന്നാൽ ബലാത്സംഗ ആരോപണം നിലനിൽക്കില്ലെന്നും യുവതി തന്‍റെ അടുത്ത സുഹൃത്തായിരുന്നെന്നുമായിരുന്നു ഹർജിക്കാരിന്‍റെ വാദം. യുവതിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് നേരത്തെ കേസെടുത്തിരുന്നത്.
ബലാല്‍സംഗ കുറ്റം ചുമത്തിയാണ് ശ്രീകാന്തിനെതിരെ കേസെടുത്തത്. പിന്നാലെ ശ്രീകാന്ത് വെട്ടിയാര്‍ ഒളിവിൽ പോയെന്നായിരുന്നു പൊലീസ് പറഞ്ഞത്. കൊല്ലം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പിറന്നാൾ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്ലാറ്റിൽ വെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടൽ മുറിയിൽ വെച്ചും ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു യുവതിയുടെ പരാതി. ആദ്യം സമൂഹ മാധ്യമങ്ങള്‍ വഴിയാണ് പരാതിക്കാരി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണം ഉന്നയിക്കുന്നത്.
പിന്നീട് കൊച്ചി സെന്‍ട്രല്‍ സ്റ്റേഷനിൽ പരാതിയും നല്‍കി. ‘വിമൻ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്‍റ്’ എന്ന പേജ് വഴിയായിരുന്നു വെളിപ്പെടുത്തൽ. യുവതി കൊച്ചിയിൽ താമസിക്കവെയാണ് ശ്രീകാന്തുമായി പരിചയപ്പെടുന്നത്. പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രീകാന്ത് വെട്ടിയാർ സുഹൃത്തുക്കൾ വഴി പലവട്ടം സമ്മർദ്ദം ചെലുത്തിയെന്നും ആരോപണമുണ്ട്. ശ്രീകാന്തിനെ ഇതിൽ സഹായിച്ച സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.