തൃശൂർ മാന്ദാമംഗലം ചക്കപ്പാറയിൽ വനവിഭവങ്ങൾ ശേഖരിക്കാൻ ഉൾക്കാട്ടിൽ പോയ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. ഒപ്പമുണ്ടായിരുന്ന രണ്ടു പേർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. തൃശൂർ കൊഴുക്കുള്ളി സ്വദേശിനിയായ അറുപത്തിരണ്ടുകാരിയായ രമണിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ആയുർവേദ മരുന്നുണ്ടാക്കാനുള്ള ചില വനവിഭവങ്ങൾ ശേഖരിക്കാൻ സ്ഥിരമായി ആളുകൾ ഉൾക്കാടുകളിലേക്ക് പോകാറുണ്ട്.
ഇതിനായി മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ചക്കപ്പാറയിലേയ്ക്കായിരുന്നു രമണിയുടെ യാത്ര. നാട്ടുകാരായ അജിയും സണ്ണിയും രമണിക്ക് ഒപ്പമുണ്ടായിരുന്നു. രാവിലെ എട്ടരയോടെ കാടിനകത്ത് കാട്ടാന ആക്രമിച്ചു. രമണി തൽക്ഷണം മരണപ്പെട്ടു. ഏകദേശം മൂന്നു മണിക്കൂറോളം കാൽനടയായി നടന്നു വേണം പുറംലോകത്തെ അറിയിക്കാൻ. ഒപ്പമുണ്ടായിരുന്നവരിൽ ഒരാൾ പുറത്തെത്തി ആളുകളെ അറിയിച്ചപ്പോൾ സമയം പതിനൊന്നു കഴിഞ്ഞിരുന്നു.
ഒടുവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കാടുക്കയറി മൃതദേഹം പുറത്തെത്തിച്ച് ഉച്ചതിരിഞ്ഞ് അഞ്ചു മണിയോടെയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റിയിരിക്കുകയാണ്. രമണിയുടെ മകളുടെ വീട് ചക്കപ്പാറ വനമേഖലയുടെ അടുത്താണ്. ഇവിടെയായിരുന്നു താമസം. പാറക്കെട്ടിനു സമീപത്തായി നിലയുറപ്പിച്ചിരുന്ന കാട്ടാനയെ രമണിയും കൂട്ടരും കണ്ടില്ല. വനംവകുപ്പ് ഉദ്യോഗസ്ഥർ ഒപ്പമുണ്ടായിരുന്ന രണ്ടു പേരുടേയും മൊഴിയെടുത്തു.