നര്‍ത്തകിയും അഭിനേത്രിയുമായ ദേവി ചന്ദന മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരം കൂടിയാണ്. താരം നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തൊണ്ണൂറ് കിലോയില്‍ നിന്ന് അറുപത്തിയഞ്ചിലേക്ക് വണ്ണം കുറച്ചത് എങ്ങനെയാണെന്നാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്.
രണ്ടര വര്‍ഷം കൊണ്ടാണ് ഇരുപത്തിയഞ്ച് കിലോ കുറഞ്ഞത്. വര്‍ക്കൗട്ട് ആണ് തടി കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ആദ്യ വര്‍ഷം ഒന്നോ രണ്ടോ കിലോയാണ് കുറഞ്ഞതെന്ന് നടി പറഞ്ഞു. ആര്‍ക്കായാലും നിര്‍ത്തിപ്പോകാന്‍ തോന്നും. പക്ഷേ തന്റെ ക്ഷമ കെട്ടില്ല. ഡയറ്റിംഗും തുടങ്ങി. കൃത്യസമയത്ത് ഭക്ഷണം കഴിച്ചുതുടങ്ങിയെന്നും താരം പറയുന്നു. പൊതുവേ വെജ് ആണ് കഴിക്കാറ്. അതിനാല്‍ത്തന്നെ ഡയറ്റില്‍ വലിയ മാറ്റങ്ങള്‍ വേണ്ടിവന്നില്ല.
പനീറും എണ്ണമയമുള്ള ഭക്ഷണവും കുറച്ചു. അരിഭക്ഷണം, ചോക്ലേറ്റ് ഇതൊക്കെ ഒഴിവാക്കി. ഉച്ചയ്ക്ക് രണ്ട് ചപ്പാത്തിയും കറിയും. ഇടയ്ക്ക് വിശപ്പുതോന്നിയാല്‍ സാലഡോ ഡ്രൈ ഫ്രൂട്സോ കഴിക്കും. കാപ്പിയോ ചായയോ പാലോ ഒന്നും പണ്ടുതൊട്ടേ കുടിക്കാറില്ല. പിന്നെ ഡാന്‍സ് പരീശീലനവും ഉണ്ടായിരുന്നുവെന്ന് നടി പറഞ്ഞു. ഹെല്‍ത്തിയായി വണ്ണം കുറയ്ക്കണമെങ്കില്‍ കുറുക്കുവഴികളില്ലെന്നും ക്ഷമ വേണമെന്നുമാണ് ദേവി ചന്ദന പറയുന്നത്.