തിരുവനന്തപുരം: കേന്ദ്രസർക്കാർ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികളെ മറികടന്ന് സംസ്ഥാനത്തെ വികസനത്തിന്‍റെ പാതയിലേക്ക് നയിക്കാനുള്ള ശക്തമായ ഇടപെടലാണ് ഈ വർഷത്തെ ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച രണ്ടക്കത്തിലെത്തിയത് ശക്തമായ പുരോഗതിയുടെ സൂചനയാണ്. 2012 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണിത്. നമ്മുടെ കാർഷിക, വ്യാവസായിക മേഖലകൾ പുനരുജ്ജീവനത്തിന്‍റെ പാതയിലാണ്. ഈ വികസന യാത്ര വേഗത്തിലാക്കുകയും കൂടുതൽ ഊർജം പകരുകയും ചെയ്യുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൊഴിലവസരങ്ങൾ, പരിസ്ഥിതി സംരക്ഷണം, അടിസ്ഥാന സൗകര്യവികസനം, ഉന്നതവിദ്യാഭ്യാസം, ശാസ്ത്രസാങ്കേതിക മേഖല എന്നിവക്ക് നൽകുന്ന ഊന്നൽ ഈ ബജറ്റിന്‍റെ സവിശേഷതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അധികാര വികേന്ദ്രീകരണം കൂടുതൽ അർത്ഥവത്താക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കാനുമാണ് ബജറ്റ് ലക്ഷ്യമിടുന്നത്. സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും എല്ലാ വിഭാഗങ്ങൾക്കും എല്ലാ മേഖലകളിലും സർക്കാരിൻ്റെ സഹായഹസ്തം എത്തിക്കുന്നതിനും സമഗ്രമായ സമീപനമാണ് ബജറ്റ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.