മണർകാട് : സാമ്പത്തിക പ്രതിസന്ധിയിൽ വിഷമിച്ച പ്രിയ സുഹൃത്തിന്റെ കുടുംബത്തിന് ആടുകളെയും, വളർത്താനുള്ള കൂടും നിർമ്മിച്ചു നൽകി സെന്റ്. മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് പ്രവർത്തകരായ വിദ്യാർത്ഥികൾ.
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പിതാവും, ഗുരുതര രോഗത്താൽ വലയുന്ന മാതാവുമുള്ള സുഹൃത്തിന് തങ്ങളാൽ കഴിയുന്ന രീതിയിൽ വരുമാന മാർഗം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടികൾ സ്നേഹ സമ്മാനവുമായി എത്തിയത്. കുട്ടികൾ സ്വന്തമായി നിർമിച്ച ഡിഷ് വാഷ് വിറ്റ് കിട്ടിയ തുക കൊണ്ട് ആടിനെ വാങ്ങി. വിദ്യാർത്ഥികളുടെ നന്മ മനസ്സിലാക്കി വെള്ളൂരിൽ മിൽ നടത്തുന്ന ജീമോൻ എന്ന യുവാവ് ആട്ടിൻകൂട് നിർമ്മിക്കുന്നതിനുള്ള തടി സൗജന്യമായി നൽകുകയും ചെയ്തു. അതെല്ലാം സഹപാഠിയുടെ വീട്ടിൽ എത്തിച്ച് കൂട് നിർമ്മാണം പൂർത്തിയാക്കിയതും വിദ്യാർത്ഥികളായിരുന്നു.
എൻ.എസ്.എസ് ലീഡർ ആദിത്യൻ, ജോയൽ മാത്യു തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇതിന് മുൻപ് മണർകാട് ഗ്ലോബൽ പാലിയേറ്റീവ് യൂണിറ്റിലേക്ക് പഴയ പാത്രങ്ങൾ വിറ്റ് കിട്ടിയ പണം ഉപയോഗിച്ച് വീൽ ചെയർ വാങ്ങി നൽകാനും ഇവർക്ക് സാധിച്ചിട്ടുണ്ട്.
NEWS 22 TRUTH . EQUALITY . FRATERNITY