വാഷിങ്ടൻ: ചൈനീസ് ബലൂണിന്‍റെ അവശിഷ്ടങ്ങൾ പൂർണ്ണമായും വീണ്ടെടുക്കാനുള്ള ശ്രമവുമായി യുഎസ് വ്യോമസേന. അറ്റ്ലാന്‍റിക് സമുദ്രത്തിൽ വീണ അവശിഷ്ടങ്ങൾ വീണ്ടെടുത്ത് വിശദമായ ഇന്‍റലിജൻസ് പരിശോധനയ്ക്ക് വിധേയമാക്കാനാണ് നീക്കം. കണ്ടെടുത്ത അവശിഷ്ടങ്ങൾ ചൈനയ്ക്ക് കൈമാറാൻ പദ്ധതിയില്ലെന്നും യു എസ് അധികൃതർ വ്യക്തമാക്കി. കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ഉപകരണമാണിതെന്ന് ചൈന വാദിക്കുമ്പോൾ, ചാരവൃത്തിയാണ് ലക്ഷ്യമെന്നാണ് യു എസിൻ്റെ മറുവാദം.
ചാരവൃത്തിക്കുള്ള ചൈനീസ് ഉപകരണമാണെന്ന് അവകാശപ്പെട്ട് യുഎസ് സൈന്യം ബലൂൺ മിസൈൽ ഉപയോഗിച്ചാണ് നശിപ്പിച്ചത്. യുഎസ് വ്യോമസേനയുടെ എഫ് -22 യുദ്ധവിമാനം കാനഡയുടെ പിന്തുണയോടെ സൗത്ത് കാരലൈന തീരത്ത് വെടിവച്ചിട്ടു. തീരത്ത് നിന്ന് 10 കിലോമീറ്റർ അകലെയുള്ള അറ്റ്ലാന്‍റിക് സമുദ്രത്തിലാണ് ബലൂൺ പതിച്ചത്. കടലിനു മുകളിൽ നിന്ന് ചില അവശിഷ്ടങ്ങൾ കണ്ടെത്തിയെങ്കിലും കടലിനടിയിലും പരിശോധന നടത്താനാണ് തീരുമാനം.
ചില അവശിഷ്ടങ്ങൾ സമുദ്രത്തിന്‍റെ മുകളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ പ്രതികൂല കാലാവസ്ഥ കാരണം കടലിനടിയിൽ പരിശോധന നടത്താൻ സാധിക്കില്ല. വരും ദിവസങ്ങളിൽ കാലാവസ്ഥ അനുകൂലമാവുകയാണെങ്കിൽ, കടലിനടിയിലും പരിശോധന നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി വ്യക്തമാക്കി.
NEWS 22 TRUTH . EQUALITY . FRATERNITY