കൊച്ചി / പത്തനംതിട്ട/തിരുവനന്തപുരം: ഇന്ധന സെസിനും നികുതി വർദ്ധനവിനുമെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ സംഘർഷം. പത്തനംതിട്ടയിലും കൊച്ചിയിലും നടന്ന പ്രതിഷേധ മാർച്ചാണ് അക്രമാസക്തമായത്. കൊച്ചിയിൽ പ്രവർത്തകർ പൊലീസിന് നേരെ കുപ്പി എറിഞ്ഞു. ബാരിക്കേഡ് തകർക്കാനും ശ്രമമുണ്ടായി. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പിരിഞ്ഞുപോകാതായതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി. പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റു. പത്തിലധികം പേരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബജറ്റിനെതിരെ പത്തനംതിട്ട കളക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചും അക്രമാസക്തമായി. പ്രവർത്തകർ പോലീസിനുനേരെ കൂകി വിളിച്ചു. ബാരിക്കേഡിന്‍റെ മുകളിൽ കയറിയും പ്രതിഷേധിച്ചു. ബാരിക്കേഡുകൾ തകർത്തതോടെയാണ് പ്രതിഷേധം അക്രമാസക്തമായത്. തിരുവനന്തപുരത്ത് നികുതി വർദ്ധനവിനെതിരെ മഹിളാ കോൺഗ്രസ് നിയമസഭയിലേക്ക് കാർ കെട്ടി വലിച്ചിഴച്ച് പ്രതിഷേധിച്ചു.