തിരുവനന്തപുരം: നിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി നാളെ ബംഗളൂരുവിലേക്ക് കൊണ്ടുപോകും. ചാർട്ടേർഡ് വിമാനത്തിലാണ് അദ്ദേഹത്തെ കൊണ്ടുപോവുക. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിർദേശപ്രകാരം കെ.സി വേണുഗോപാൽ ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചു. വിമാനം എഐസിസി ഏർപ്പാടാക്കിയെന്നും അദ്ദേഹം അറിയിച്ചു.
ഉമ്മൻ ചാണ്ടിയുടെ ആരോഗ്യസ്ഥിതിയിൽ മകനെന്ന നിലയിൽ തനിക്ക് ഉത്തരവാദത്തമുണ്ടെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. പുതുപ്പള്ളിയിൽ നിന്നടക്കം നൂറുകണക്കിനാളുകൾ അദ്ദേഹത്തെ വന്നു കണ്ടു. അതിൻ്റെ ഭാഗമായാണ് അദ്ദേഹം ന്യൂമോണിയ ബാധിതനായത്.
എല്ലാ മെഡിക്കൽ രേഖകളും തൻ്റെ പക്കലുണ്ട്. നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സമയമാകുമ്പോൾ വിവരങ്ങൾ പുറത്തുവിടും. ചികിത്സയുമായി ബന്ധപ്പെട്ട് വ്യാജ രേഖയാണ് ഉണ്ടാക്കിയിരിക്കുന്നത്. രോഗവ്യാപനമില്ലെന്നാണ് റിപ്പോർട്ട്. പിന്നെന്തിനാണ് ഈ ക്രൂരത? വ്യാജപ്രചാരണങ്ങളിൽ മുഖ്യമന്ത്രി ഇടപെടണമെന്നും പൊലീസിനോട് അന്വേഷിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.