ദില്ലി: കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന്‍റെ കരട് സമിതിയിൽ ശശി തരൂരും. പ്രവർത്തക സമിതിയിലേക്ക് തരൂരിനെ പരിഗണിക്കുമോ എന്ന അഭ്യൂഹങ്ങൾക്കിടെയാണ് പ്ലീനറി സമ്മേളനത്തിന്‍റെ ചുമതല നൽകിയിരിക്കുന്നത്. പ്രവർത്തക സമിതി പ്രവേശനം സംബന്ധിച്ച് ഹൈക്കമാൻഡ് ഇതുവരെ അന്തിമ നിലപാട് എടുത്തിട്ടില്ലെന്നാണ് സൂചന.
കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ തരൂരിന്റെ മത്സരവും വിമത നീക്കമായി കണ്ട സംസ്ഥാന പര്യടനവും തരൂരിനെ നേതൃത്വത്തിന്‍റെ കണ്ണിലെ കരടാക്കിയിരുന്നു. ജയറാം രമേശിന്‍റെ നേതൃത്വത്തിലുള്ള 21 അംഗ സമിതിയിൽ ശശി തരൂരിനെ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നെങ്കിലും പ്ലീനറി സമ്മേളനത്തിന്‍റെ ആദ്യഘട്ടത്തിൽ നിലവിൽ വന്ന കമ്മിറ്റികളിൽ തരൂരിനെ ഉൾപ്പെടുത്തിയിട്ടില്ലായിരുന്നു. രമേശ് ചെന്നിത്തലയും ഈ സമിതിയിൽ അംഗമാണ്. പ്ലീനറി സമ്മേളനത്തിലൂടെ പാർട്ടി ഉടച്ച് വാര്‍ക്കപ്പെടുമ്പോള്‍ തരൂരിനെ എങ്ങനെ പരിഗണിക്കപ്പെടുമെന്നത് പ്രധാനമാണ്. തരൂരിനെ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തണമെന്ന് കേരളത്തിൽ നിന്നുള്ള ചില എംപിമാർ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ തരൂർ പിൻമാറാനാണ് സാദ്ധ്യത. അങ്ങനെയെങ്കിൽ തരൂർ നിർണായക നീക്കങ്ങളിലേക്ക് കടന്നേക്കും. തൃണമൂൽ കോൺഗ്രസ് ഉൾപ്പടെ ചില പാർട്ടികൾ തരൂർ പുറത്തുവന്നാൽ സ്വീകരിക്കാൻ തയ്യാറുമാണ്. തരൂരിനെ പരിഗണിക്കണമെന്ന ആവശ്യം നേതൃത്വത്തിന് മുന്നിലുണ്ടെങ്കിലും ഹൈക്കമാൻഡ് ചർച്ചകളിലേക്ക് കടന്നിട്ടില്ലെന്നാണ് വിവരം. ഒഴിവാക്കിയാൽ ഉണ്ടാകാനിടയുള്ള തിരിച്ചടികളെക്കുറിച്ച് നേതൃത്വത്തിന് ബോധ്യമുണ്ട്. അതേസമയം പ്ലീനറി സമ്മേളനത്തിൽ സഹകരിപ്പിക്കാനുള്ള തീരുമാനം അനുകൂല നീക്കമായാണ് തരൂർ ക്യാമ്പ് കാണുന്നത്.