കോഴിക്കോട്: കോഴിക്കോട്ടെ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം തൂങ്ങിമരണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മർദ്ദനമേറ്റതിന്‍റെ ലക്ഷണങ്ങളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിപ്പുകാരനായി എത്തിയ വയനാട് സ്വദേശി വിശ്വനാഥനെ എട്ടാം തീയതി രാത്രി ആശുപത്രിയിൽ നിന്ന് കാണാതായി. രണ്ട് ദിവസത്തിന് ശേഷം വിശ്വനാഥനെ ആശുപത്രിക്ക് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മോഷണക്കുറ്റം ആരോപിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതിനെ തുടർന്നാണ് വിശ്വനാഥനെ കാണാതായതെന്നാണ് കുടുംബത്തിന്റെ ആരോപണം. കൂട്ടിരിപ്പുകാർക്ക് ഇരിക്കാനുള്ള സ്ഥലത്ത് ഇരിക്കുന്നതിനിടെ ഒരാളുടെ വാലറ്റും മൊബൈൽ ഫോണും നഷ്ടപ്പെട്ടു. വിശ്വനാഥനാണ് ഇത് മോഷ്ടിച്ചതെന്നായിരുന്നു ആരോപണം. അപമാനഭാരം താങ്ങാനാവാതെയാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്.