പ്രിയദർശൻ സംവിധാനം ചെയ്ത ‘കമാൽ ധമാൽ മലമാൽ’ എന്ന ചിത്രത്തിലെ ഒരു രംഗവുമായി ബന്ധപ്പെട്ട മതനിന്ദ ആരോപണത്തിൽ മാപ്പ് പറഞ്ഞ് നടൻ ശ്രേയസ് തൽപാഡെ. ദിലീപ് നായകനായ ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ എന്ന ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടായിരുന്നു ചിത്രം ഒരുക്കിയത്. 2012 ൽ പുറത്തിറങ്ങിയ ചിത്രത്തിലെ ഒരു രംഗം സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.
ശ്രേയസിന്‍റെ കഥാപാത്രം മിനിലോറിയുടെ ബോണറ്റിൽ ചവിട്ടി ഡ്രൈവറോട് ആക്രോശിക്കുന്ന രംഗമാണ് വീഡിയോയിൽ. ലോറിയിൽ പേരെഴുതുന്ന സ്ഥാനത്ത് ഒരു ഓംകാര ചിഹ്നം ഉണ്ടായിരുന്നു. ശ്രേയസിന്റെ കഥാപാത്രം ഇതിൽ ചവിട്ടിയത് ദൈവനിന്ദയാണെന്ന് ചിലർ ആരോപിച്ചു. ഇതിന് പിന്നാലെയാണ് ക്ഷമാപണവുമായി താരം രംഗത്തെത്തിയത്.
ഒരു സിനിമയുടെ ചിത്രീകരണത്തിൽ നിരവധി ഘടകങ്ങളുണ്ട്. പ്രത്യേകിച്ചും ആക്ഷൻ സീക്വൻസുകൾ ചിത്രീകരിക്കുമ്പോൾ. സംവിധായകന്‍റെ ആവശ്യങ്ങൾ, സമയ പരിമിതികൾ മുതലായ നിരവധി ഘടകങ്ങൾ മാനസികാവസ്ഥയെ നിർണ്ണയിക്കുന്നു. തന്നെ ന്യായീകരിക്കാനല്ല ഇതു പറയുന്നത്. അത് സംവിധായകന്‍റെ ശ്രദ്ധയിൽപ്പെടുത്തേണ്ടത് തന്‍റെ ഉത്തരവാദിത്തമായിരുന്നു. ഇതിന് ക്ഷമ ചോദിക്കുന്നുവെന്നും ആരുടെയും വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ശ്രേയസ് കൂട്ടിച്ചേർത്തു.