ഗിനിയ: പല രാജ്യങ്ങളിലും കോവിഡ് നിരക്ക് ഇപ്പോഴും വർദ്ധിക്കുകയും പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മറ്റൊരു വൈറസിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന. അതിതീവ്ര വ്യാപനശേഷിയുള്ള മാർബർഗ് വൈറസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ലോകാരോഗ്യ സംഘടന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
ഇക്വറ്റോറിയൽ ഗിനിയയിലാണ് ഏറ്റവും മാരകമായ വൈറസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എബോള പോലുള്ള ഈ വൈറസ് ബാധിച്ച് ഒമ്പത് പേർ മരിച്ചതായി ഡബ്ല്യുഎച്ച്ഒ റിപ്പോർട്ട് ചെയ്തു. നിലവിൽ 16 പേർക്ക് കൂടി രോഗം ബാധിച്ചതായി സംശയിക്കുന്നുണ്ട്. രോഗലക്ഷണങ്ങളുള്ള ഇരുന്നൂറോളം പേരെ നിരീക്ഷണത്തിലാക്കി. അയൽരാജ്യമായ കാമറൂണിലും കർശന നിയന്ത്രണങ്ങളുണ്ട്.