കൊച്ചി: കെഎസ്ആർടിസി ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യവുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് താൽക്കാലികമായി സ്റ്റേ ചെയ്ത് ഹൈക്കോടതി. കൂടുതൽ വിശദീകരണം നൽകാനുണ്ടെന്ന് കെഎസ്ആർടിസി അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചതിനെ തുടർന്നാണ് നടപടി. കേസ് നാളെ വീണ്ടും പരിഗണിക്കുമെന്ന് സിംഗിൾ ബെഞ്ച് അറിയിച്ചു.
കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ച 198 ജീവനക്കാർക്ക് ഈ മാസം 28ന് മുമ്പ് പെൻഷൻ ആനുകൂല്യങ്ങൾ നൽകണമെന്ന് ഹൈക്കോടതി ഇന്നലെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കോടതിയെ സമീപിച്ചവർക്ക് 50 % ആനുകൂല്യം ഉടൻ നൽകണമെന്നായിരുന്നു നിർദേശം. എന്നാൽ ഇത്രയും തുക ഒരുമിച്ച് നൽകാൻ കഴിയില്ലെന്നും ഇടക്കാല ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്നും കെഎസ്ആർടിസി മാനേജ്മെന്‍റ് ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.