Breaking News

വെളിപ്പെടുത്തലിന് മറുപടി; ആകാശ് തില്ലങ്കേരിക്കെതിരെ തെളിവുകൾ പുറത്ത് വിട്ട് ഡിവൈഎഫ്ഐ 

കണ്ണൂർ: ഡി.വൈ.എഫ്.ഐ നേതാവ് എം.ഷാജറിനെ കുടുക്കാൻ ആകാശ് തില്ലങ്കേരി ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ ഡി.വൈ.എഫ്.ഐ തെളിവുകൾ പുറത്തുവിട്ടു. ഷാജറിൽ നിന്ന് ട്രോഫി വാങ്ങാൻ ആകാശ് ക്രിക്കറ്റ് ടീമിൽ കയറിപ്പറ്റുകയായിരുന്നുവെന്നും ട്രോഫി വാങ്ങുന്ന ചിത്രം പ്രചരിപ്പിക്കാൻ വാട്സാപ്പ് ഗ്രൂപ്പിൽ ആഹ്വാനം ചെയ്തുവെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു. ഷാജറിന്‍റെ പാർട്ടി അംഗത്വം എടുത്തുകളയാനായിരുന്നു നീക്കമെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു. ആകാശ് നടത്തിയ വാട്സാപ്പ് ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും നേതാക്കൾ പുറത്തുവിട്ടു.

കഴിഞ്ഞ ഡിസംബറിലാണ് ക്രിക്കറ്റ് ടൂർണമെന്‍റിൽ ജേതാക്കളായ ആകാശ് തില്ലങ്കേരിയുടെ ടീമിന് ഡി.വൈ.എഫ്.ഐ നേതാവ് ഷാജർ ട്രോഫി നൽകിയത്. ആകാശാണ് ഷാജറിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങിയത്. തുടർന്ന് ഈ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. സ്വർണക്കടത്ത്, കൊലക്കേസ് പ്രതികൾക്ക് ഡി.വൈ.എഫ്.ഐ നേതാവ് ട്രോഫി നൽകിയെന്ന വിമർശനവും വ്യാപകമായിരുന്നു. എന്നാൽ ഷാജറിനെതിരെ ഒരു നടപടിയും പാടില്ലെന്നും ടൂർണമെന്‍റ് സംഘടിപ്പിച്ച കമ്മിറ്റിയുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് ഇതിന് കാരണമെന്നും പാർട്ടി വിലയിരുത്തി. എന്നാൽ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ സോഷ്യൽ മീഡിയയിൽ തുടരുകയാണ്. ഷാജറിനെ കുടുക്കാൻ ആകാശ് മനപ്പൂർവം പ്രശ്നങ്ങൾ സൃഷ്ടിച്ചതാണെന്ന് ഒരു വിഭാഗം നേതാക്കൾ ആരോപിച്ചു. ഇതിന്‍റെ തെളിവുകളാണ് ഡി.വൈ.എഫ്.ഐ പുറത്തുവിട്ടത്. 

പാർട്ടിക്ക് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് ആകാശ് വെളിപ്പെടുത്തിയതോടെയാണ് തെളിവുകളുമായി ഡി.വൈ.എഫ്.ഐ രംഗത്തെത്തിയത്. ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരി പാർട്ടിക്ക് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നും എടയന്നൂരിലെ പാർട്ടി നേതാക്കളാണ് തങ്ങളെക്കൊണ്ട് അത് ചെയ്യിച്ചതെന്നും ഫേസ്ബുക്കിൽ എഴുതിയിരുന്നു.  ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിലെ കമന്‍റായാണ് ആകാശ് നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയത്. ആകാശിന്‍റെ വാക്കുകൾ വാർത്തയായതോടെ ബ്ലോക്ക് സെക്രട്ടറി സരീഷ് പോസ്റ്റ് ഡിലീറ്റ് ചെയ്തു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …