കണ്ണൂർ: ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി നാടു കടത്താനുള്ള നീക്കവുമായി പൊലീസ്. ഇതിന് മുന്നോടിയായി തില്ലങ്കേരി ഉൾപ്പെട്ട കേസുകൾ പൊലീസ് പരിശോധിച്ച് വരികയാണ്. പരാതി നൽകിയ ഡി.വൈ.എഫ്.ഐ വനിതാ നേതാവിനെ ആകാശ് തില്ലങ്കേരി ഒളിവിലിരുന്ന് അധിക്ഷേപിക്കുകയാണ്. ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ശ്രീലക്ഷ്മിയെ വ്യക്തിഹത്യ ചെയ്യുന്നത്. ടവർ ലൊക്കേഷൻ മനസിലാകുന്നില്ലെന്നും ആകാശിനെ കണ്ടെത്താൻ കഴിയുന്നില്ലെന്നുമാണ് പേരാവൂർ ഡി.വൈ.എസ്.പിയുടെ വിശദീകരണം.
അതേസമയം ആകാശ് എത്ര പ്രകോപിപ്പിച്ചാലും പ്രതികരിക്കരുതെന്ന് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പാർട്ടി നേതൃത്വം നിർദേശം നൽകി. ആകാശിന് സോഷ്യൽ മീഡിയയിലൂടെ മറുപടി നൽകേണ്ട കാര്യമില്ല. ക്വട്ടേഷൻ സംഘത്തെ നിയമപരമായി ഇല്ലാതാക്കാമെന്നും പാർട്ടി പ്രവർത്തകരെ അറിയിച്ചിട്ടുണ്ട്.
സി.പി.എമ്മിന് തലവേദനയായി നിർണായക വെളിപ്പെടുത്തലുമായി ആകാശ് തില്ലങ്കേരി രംഗത്തെത്തിയിരുന്നു. ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി പാർട്ടിക്ക് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് ഫേസ്ബുക്ക് കമൻ്റിലൂടെ വെളിപ്പെടുത്തിയിരുന്നു. എടയന്നൂരിലെ പാർട്ടി നേതാക്കളാണ് തങ്ങളെ ഇത് ചെയ്യാൻ പ്രേരിപ്പിച്ചതെന്നും ആകാശ് പറഞ്ഞു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിന് കമന്‍റായാണ് ആകാശ് നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയത്.