അബുദാബി : സഹവർത്തിത്വത്തിന്റെ പുതിയ സന്ദേശം പകർന്ന് യുഎഇ. അബുദാബിയിൽ മുസ്ലീം, ക്രിസ്ത്യൻ, ജൂത ആരാധനാലയ സമുച്ചയമായ “എബ്രഹാമിക് ഫാമിലി ഹൗസ്” യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തു.
പ്രശസ്ത ആർക്കിടെക്ട് സർ ഡേവിഡ് അഡ്ജയെയാണ് ഒരേ കോമ്പൗണ്ടിൽ ഒരു മസ്ജിദും പള്ളിയും സിനഗോഗും ഉൾക്കൊള്ളുന്ന സമുച്ചയം നിർമ്മിച്ചത്. അബുദാബി സന്ദർശന വേളയിൽ ഫ്രാൻസിസ് മാർപാപ്പയും അൽഅസ്ഹർ ഗ്രാൻഡ് ഇമാം ഡോ.അഹ്മദ് അൽ തയ്യിബും ഒപ്പുവച്ച മാനവ സാഹോദര്യത്തിന്റെ സ്മരണയ്ക്കായാണ് ഈ സമുച്ചയം സ്ഥാപിച്ചത്.
മാർച്ച് 1 മുതൽ കോമ്പൗണ്ട് പൊതുജനങ്ങൾക്കായി തുറക്കുകയും രാവിലെ 10 മുതൽ സന്ദർശനം അനുവദിക്കുകയും ചെയ്യും. താമസക്കാരും സന്ദർശകരും സന്ദർശനത്തിന് മുമ്പ് മുൻകൂർ ബുക്കിംഗ് നടത്തണം. 2019 ൽ ന്യൂയോർക്കിൽ നടന്ന ആഗോള സമ്മേളനത്തിൽ യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനാണ് പദ്ധതിയുടെ രൂപരേഖ ആദ്യമായി അവതരിപ്പിച്ചത്.