രാജസ്ഥാൻ : സമൂഹമാധ്യമങ്ങളിൽ വൈറലാവുന്ന വീഡിയോ പലപ്പോഴും സാധാരണക്കാരായ വ്യക്തികളുടെ ജീവിതം തന്നെ മാറ്റിമറിക്കാറുണ്ട്. രാജസ്ഥാൻ മരുഭൂമിയിലെ ക്രിക്കറ്റ് കളിയിൽ അത്ഭുതകരമായ ഷോട്ടുകൾ പായിച്ച 14 കാരിക്കാണ് ഇപ്പോൾ ഈ ഭാഗ്യം കൈവന്നിരിക്കുന്നത്.
വനിതാ ഐ.പി.എൽ താരലേലം നടന്ന സമയത്താണ് രാജസ്ഥാനിലെ ഒരു കർഷകന്റെ മകളായ മുമാൽ മെഹറും ശ്രദ്ധിക്കപ്പെട്ടത്. ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ മുമാൽ താരമായെന്ന് മാത്രമല്ല, സാക്ഷാൽ ക്രിക്കറ്റ് ദൈവം സച്ചിൻ ടെൻഡുൽക്കർ തന്നെ പെൺകുട്ടിയെ പ്രശംസിച്ചുകൊണ്ട് വീഡിയോ പങ്കുവെക്കുകയും ചെയ്തു. ‘നിർഭാഗ്യവശാൽ വനിതാ ഐ.പി.എൽ ലേലം കഴിഞ്ഞിരിക്കുന്നു. പക്ഷേ ബാറ്റിംഗ് ആസ്വദിച്ച് കാത്തിരിക്കൂ’ എന്നാണ് അദ്ദേഹം കുറിച്ചത്. കനാസർ ഗ്രാമത്തിലെ കർഷക കുടുംബത്തിൽ നിന്നുള്ള മുമാൽ ദേശീയ മാധ്യമശ്രദ്ധയും പിടിച്ചുപറ്റി. ബി.ജെ.പി. അധ്യക്ഷൻ ക്രിക്കറ്റ് കിറ്റും സമ്മാനിച്ചു.
അധ്യാപകനായ റോഷൻ ഖാൻ ആണ് മുമാലിന് വേണ്ട പരിശീലനങ്ങൾ നൽകുന്നത്. ക്രിക്കറ്റ് ആൺകുട്ടികളിലേക്ക് മാത്രം ഒതുങ്ങാതെ താല്പര്യം ഉള്ള എല്ലാ പെൺകുട്ടികൾക്കും അദ്ദേഹം കോച്ചിംഗ് നൽകി വരുന്നു. സൂര്യകുമാർ യാദവിന്റെ കടുത്ത ആരാധികയായ മുമാൽ അദ്ദേഹത്തിന്റെ ഷോട്ടുകൾ കളിക്കാനാണ് കൂടുതൽ താല്പര്യപ്പെടുന്നത്. ഭാവിയിൽ മുമാൽ ഇന്ത്യൻ ജഴ്സി അണിഞ്ഞുകാണാനാണ് ഏവരും കാത്തിരിക്കുന്നത്.