റിയാദ്: ഈ വർഷത്തെ ക്ലബ് ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യയെ അനുവദിക്കാൻ ഫിഫ തീരുമാനിച്ചു. ജനീവയിൽ നിന്നാണ് ഫിഫ ഇക്കാര്യം അറിയിച്ചത്. തീരുമാനം ഏകകണ്ഠമായിരുന്നു. ഈ വർഷം ഡിസംബർ 12 മുതൽ 21 വരെയാണ് ക്ലബ് ലോകകപ്പ് നടക്കുക. ആറ് ഭൂഖണ്ഡങ്ങളിലെ ചാമ്പ്യൻമാരും ആതിഥേയ രാജ്യത്തിന്‍റെ ചാമ്പ്യൻ ക്ലബ്ബുമാണ് മത്സരത്തിൽ പങ്കെടുക്കുക.
നിലവിലെ രീതിയനുസരിച്ച് ഏഴ് ക്ലബ്ബുകൾ പങ്കെടുക്കുന്ന അവസാന ലോകകപ്പായിരിക്കും സൗദി അറേബ്യയിൽ നടക്കുക. അടുത്ത വർഷം മുതൽ ക്ലബ്ബുകളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഫിഫ. ഒരുപക്ഷേ ഇത് 32 ക്ലബ്ബുകൾ വരെയാകാം. മൊറോക്കോയിൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ സൗദി ക്ലബ് അൽ ഹിലാൽ വെള്ളി നേടിയിരുന്നു.
ബ്രസീലിയൻ ക്ലബ് ഫ്ലമിംഗോയെ തോൽപ്പിച്ചാണ് അൽ ഹിലാൽ ഫൈനലിൽ എത്തിയത്. 2000-ലെ ആദ്യ ക്ലബ് ലോക കപ്പിൽ അൽ-നസർ, 2005-ൽ ഇത്തിഹാദ്, 2019, 2021, 2022 എന്നീ വർഷങ്ങളിൽ അൽ-ഹിലാൽ എന്നീ സൗദി ക്ലബുകളാണ് ക്ലബ് മത്സരങ്ങളിൽ പങ്കെടുത്തത്. നാല് വർഷത്തിലൊരിക്കൽ നടക്കുന്ന ഏഷ്യൻ കപ്പിന്റേ 2027 ലെ മത്സരത്തിനും സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. 2030 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമം സൗദി അറേബ്യ ആരംഭിച്ചു കഴിഞ്ഞു.
NEWS 22 TRUTH . EQUALITY . FRATERNITY