ന്യൂഡല്‍ഹി: ആദായനികുതി വകുപ്പ് ഡൽഹി ഓഫീസിലെ മാധ്യമപ്രവർത്തകരെ മണിക്കൂറുകളോളം ജോലി ചെയ്യാൻ അനുവദിച്ചില്ലെന്ന ആരോപണവുമായി ബിബിസി. ഉദ്യോഗസ്ഥർ ജീവനക്കാരോട് മോശമായി പെരുമാറിയെന്നും ബിബിസി ആരോപിച്ചു. ബിബിസി ഹിന്ദി വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് വിമര്‍ശനം.
ജീവനക്കാരുടെ കമ്പ്യൂട്ടറുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തതായും പ്രവർത്തന രീതി അന്വേഷിച്ചതായും ലേഖനത്തിൽ പറയുന്നു. സർവേ നടപടികളെക്കുറിച്ച് എഴുതുന്നതിനു വിലക്കുണ്ടായിരുന്നു. മുതിർന്ന എഡിറ്റർമാർ തങ്ങളെ ജോലി ചെയ്യാൻ അനുവദിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇംഗ്ലീഷ്, ഹിന്ദി വിഭാഗങ്ങളിലുള്ളവരെ ഉദ്യോഗസ്ഥർ അനുവദിച്ചില്ലെന്നും ലേഖനത്തിൽ പറയുന്നു. പ്രക്ഷേപണ സമയം അവസാനിച്ചതിനു ശേഷം മാത്രമേ അവരെ ജോലി ചെയ്യാൻ അനുവദിച്ചുള്ളൂവെന്നും ബിബിസി വ്യക്തമാക്കി.
ബിബിസിയുടെ ഔദ്യോഗിക വരുമാനവും രാജ്യത്തെ പ്രവർത്തനങ്ങളുടെ തോതും ആനുപാതികമല്ലെന്ന് ആദായനികുതി വകുപ്പ് നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. രേഖകളും കരാറുകളും ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ ഹാജരാക്കുന്നത് ബിബിസി ജീവനക്കാർ മനഃപൂർവ്വം വൈകിച്ചതായും വകുപ്പ് ആരോപിച്ചിരുന്നു.