തുർക്കി : മനുഷ്യഹൃദയം മരവിക്കുന്ന തുർക്കിയിലെ ഭൂകമ്പബാധിത പ്രദേശങ്ങളിൽ നിന്നും നന്മയുടെയും, മനുഷ്യത്വത്തിന്റെയും വാർത്തകളും ലോകശ്രദ്ധ നേടുന്നുണ്ട്. ഇപ്പോഴിതാ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഒരു രക്ഷാപ്രവർത്തകൻ പുതുജീവൻ നൽകിയ ഒരു പൂച്ച അയാളെ വിട്ടുപോകാൻ കൂട്ടാക്കുന്നേയില്ല. ഇരുവരും തമ്മിലുള്ള സ്നേഹപ്രകടനങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
രക്ഷാപ്രവർത്തകനായ അലി കാക്കസ് പൂച്ചയെ ദത്തെടുത്തു എന്നാണ് പുറത്തു വരുന്ന വിവരം. ‘തന്റെ രക്ഷകനെ വിട്ടുപോകാൻ മനസ്സുവരാത്ത പൂച്ച’ എന്ന അടിക്കുറിപ്പോടെയാണ് യുക്രൈൻ ആഭ്യന്തര മന്ത്രാലയ ഉപദേഷ്ടാവായ ആന്റൺ ഗെരാഷ്ചെങ്കോ ഇരുവരുടെയും ചിത്രങ്ങൾ പങ്കുവച്ചത്. തന്റെ കിടക്കയിൽ കിടന്നുറങ്ങുന്ന പൂച്ചയുടെ ചിത്രവും അലി കാക്കസ് പങ്കുവെച്ചു.
അവശിഷ്ടം എന്നർത്ഥം വരുന്ന തുർക്കി പേരാണ് അലി കാക്കസ് പൂച്ചക്ക് നൽകിയിരിക്കുന്നത്. ട്വിറ്ററിലൂടെ 50 ലക്ഷം ആളുകളാണ് ചിത്രം കണ്ടത്. നിരവധിയാളുകൾ അലിയെ അഭിനന്ദിച്ചുകൊണ്ട് കമന്റുകൾ രേഖപ്പെടുത്തി.