അദാനി ഗ്രൂപ്പിന് വായ്പ നൽകാൻ തയ്യാറെന്ന് ബാങ്ക് ഓഫ് ബറോഡയുടെ സിഇഒ സഞ്ജീവ് ഛദ്ദ. ധാരാവി ചേരിയുടെ പുനർനിർമ്മാണത്തിനടക്കം വായ്പ നൽകാൻ ബാങ്ക് തയ്യാറാണ്. അദാനി ഓഹരികളുടെ വില ഇടിയുന്നതിൽ ആശങ്കയില്ല. ഈടിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് വായ്പ നൽകുന്നതെന്നും സഞ്ജീവ് ഛദ്ദ ഒരു അഭിമുഖത്തിൽ പറഞ്ഞു.
എന്നാൽ അദാനി ഗ്രൂപ്പിന് നൽകിയ വായ്പ തുക വെളിപ്പെടുത്താൻ സിഇഒ തയ്യാറായില്ല. അടുത്ത മാസം കാലാവധി തീരുന്ന 50 കോടി രൂപയുടെ വായ്പകൾ അദാനി ഗ്രൂപ്പിന് തിരിച്ചടക്കേണ്ടതായുണ്ട്. വായ്പ തിരിച്ചടയ്ക്കാൻ അദാനി ഗ്രൂപ്പിന് ലോൺ നൽകാൻ ചില ബാങ്കുകൾ വിസമ്മതിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബാങ്ക് ഓഫ് ബറോഡ സിഇഒയുടെ പ്രസ്താവന ശ്രദ്ധേയമാകുന്നത്.
ബാങ്കുകളിൽ നിന്ന് 80,000 കോടിയോളം രൂപ അദാനി ഗ്രൂപ്പ് വായ്പയെടുത്തതായാണ് റിപ്പോർട്ടുകൾ. 27,000 കോടി രൂപ വായ്പയായി നല്കിയത് എസ്ബിഐയാണ്. അദാനി ഗ്രൂപ്പിന്റെ ഓഹരികളിലെ ഇടിവ് ഇന്ത്യൻ ബാങ്കിംഗ് സംവിധാനത്തെ ബാധിക്കില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിനുശേഷം അദാനി ഓഹരികളുടെ വിപണി മൂല്യം ഒരു ലക്ഷം കോടിയിലധികമാണ് ഇടിഞ്ഞത്.