കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിലെ തീ അണയ്ക്കാൻ വ്യോമസേനയുടെ സഹായം തേടാൻ സർക്കാർ ആലോചന. ഇന്ന് ഉച്ചയോടെ തീ നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ വ്യോമസേനയുടെ സഹായം തേടുമെന്ന് കളക്ടർ രേണുരാജ് പറഞ്ഞു.
തീജ്വാലയുടെ ശക്തി കുറഞ്ഞെങ്കിലും പുക ഉയരുന്നത് തുടരുകയാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുഖേന വ്യോമസേനയുമായി പ്രാഥമിക ചർച്ച നടത്തി. ബ്രഹ്മപുരത്തെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ വൈകിട്ട് മൂന്നിന് കളക്ടറേറ്റിൽ യോഗം ചേരും.
വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയാണ് പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരത്തിൽ തീപിടിത്തമുണ്ടായത്. 70 ഏക്കറോളം സ്ഥലത്താണ് തീ പടർന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് അടിക്കടി തീപിടുത്തമുണ്ടാകുന്നത് അഗ്നിശമന സേനയ്ക്ക് വെല്ലുവിളിയാണ്. ആസൂത്രിതമായി ആരോ തീ കൊളുത്തിയതാകാമെന്നും സംശയമുണ്ട്.