Breaking News

കുട്ടിക്കാലത്തെ ദാരിദ്ര്യമാണ് കൂടുതൽ നന്നായി കളിക്കാൻ എന്നെ പ്രേരിപ്പിച്ചത്: ഇവാൻ വുകോമാനോവിച്ച്

(ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിക്കെതിരായ പ്ലേ ഓഫ് മത്സരത്തിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമാനോവിച്ച് നൽകിയ അഭിമുഖത്തിൽ നിന്ന്).

“എന്‍റെ കുട്ടിക്കാലത്തെ ദാരിദ്ര്യമാണ് കൂടുതൽ നന്നായി കളിക്കാൻ എന്നെ പ്രേരിപ്പിച്ചത്. കളിയിലൂടെ കുടുംബത്തിന് വരുമാനമാർഗം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. എന്റെ മുന്നിലുണ്ടായിരുന്ന ഒരേയൊരു വഴി അതായിരുന്നു,” വർഷങ്ങൾക്ക് ശേഷം കൊച്ചിയിലെ ഒരു ഹോട്ടലിൽ ഇരുന്നുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമാനോവിച്ച് പറഞ്ഞു.

ഫുട്ബോൾ അക്ഷരാർത്ഥത്തിൽ വുകോമനോവിച്ചിന് ജീവിതം തന്നെയായിരിക്കണം. ഒരുപക്ഷേ അതുകൊണ്ടായിരിക്കാം മാനുഷിക മൂല്യങ്ങൾ തനിക്ക് ഏറ്റവും പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞത്. വെള്ളിയാഴ്ച നടന്ന പ്ലേ ഓഫ് മത്സരത്തിലെ സുനിൽ ഛേത്രിയുടെ വിവാദ ഗോളിന് പിന്നാലെ ടീമിനെ ഫീൽഡിൽ നിന്ന് തിരിച്ചുവിളിച്ച വുകോമാനോവിച്ചിന്റെ വാക്കുകൾക്ക് ഇപ്പോൾ ഏറെ പ്രസക്തിയുണ്ട്.

ഏത് തൊഴിലിലായാലും മനുഷ്യത്വമാണ് ആദ്യ പാഠം. തൊട്ടടുത്തുള്ള ആളെ മനുഷ്യനായി കാണുക എന്നതാണ് ഏറ്റവും പ്രസക്തമായ കാര്യം. അതാണ് എന്റെ പരിശീലന രീതിയുടെ കാതൽ. എന്റെ കളിക്കാർക്ക് അതറിയാം. തെറ്റുകൾ വരുത്തിയാൽ ഞാനവരോട് സത്യസന്ധമായി കാര്യങ്ങൾ പറയാറുണ്ട്. എന്താണ് നല്ലതെന്നും എന്താണ് മോശമെന്നും ഓരോരുത്തരും തിരിച്ചറിയേണ്ടതുണ്ട്, എങ്കിൽ മാത്രമേ അത് തിരുത്തി മുന്നോട്ട് പോകാനാവൂ. സ്വന്തം അഭിപ്രായത്തിൽ തെറ്റുകൾ സംഭവിക്കുന്നത് നല്ലതാണ്. നിങ്ങളൊരു റിസ്‌കെടുക്കാന്‍ തയ്യാറായി എന്നാണ് അതിനര്‍ത്ഥം. ചിലപ്പോള്‍ അതിന് വലിയ വില നല്‍കേണ്ടിവന്നേക്കാം. എന്നാല്‍, ആ തെറ്റ് തിരിച്ചറിയുകയും അത് ആവര്‍ത്തിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ തന്നെ നിങ്ങളൊരു കളിക്കാരനെന്ന നിലയില്‍ കൂടുതല്‍ മെച്ചപ്പെടുന്നു.

ഒരു കോച്ചെന്ന നിലയില്‍, തീര്‍ച്ചയായും മികച്ച ഫുട്‌ബോള്‍ അവതരിപ്പിക്കുക എന്നതുതന്നെയാണ് എന്റെ ലക്ഷ്യം. പക്ഷേ, അടിസ്ഥാനപരമായി മനുഷ്യരെന്ന നിലയിലെ സഹകരണത്തിലൂടെയാണ് അത് സാധ്യമാക്കേണ്ടത്. അത് വിജയത്തിലേക്ക് എത്തിക്കുമെന്നാണ് എന്റെ വിശ്വാസം. എന്റെ വ്യക്തിത്വമാണ് ഞാൻ കോച്ചിങിലും കാണിക്കുന്നത്. എന്റെ കളിക്കാര്‍ക്ക് സുഹൃത്തും സഹോദരനും അച്ഛനും തുടങ്ങി എന്തെല്ലാമായിത്തീരാമോ അതെല്ലാമാകാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഒരു കോച്ചിന് നിരവധി ജോലികളിലൂടെ കടന്നു പോകേണ്ടി വരും, അതെല്ലാം ആസ്വദിക്കുന്ന ആളാണ് ഞാൻ.

മികച്ച കളിക്കാരില്ലാത്തതോ കായികക്ഷമതയിലെ കുറവോ അല്ല ഇന്ത്യന്‍ ഫുട്‌ബോളിന്റെ പ്രശ്‌നം. മികച്ച കളിക്കാരെ വാർത്തെടുക്കുന്നതിനുള്ള പരിശീലന രീതികൾ ഇല്ലാത്തതാണ് പ്രശ്നം. കൗമാരമാണ് ഒരു കളിക്കാരനെ രൂപപ്പെടുത്തുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട സമയം. ആ സമയം അവര്‍ക്ക് കൃത്യമായ പരിശീലനം നല്‍കണം. കേരള ബ്ലാസ്റ്റേസിന്റെ ‘യങ് ബ്ലാസ്റ്റേഴ്‌സ്’ സംരംഭം ഈ ലക്ഷ്യം മുന്നില്‍വെച്ചുകൊണ്ടാണ് തുടങ്ങിയിരിക്കുന്നത്. ആരാധകരാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ശക്തി. മൈതാനത്തിറങ്ങുമ്പോള്‍ സ്‌പെഷ്യലാണെന്ന് ഞങ്ങള്‍ക്ക് തോന്നുന്നത് ആരാധകരുടെ ശക്തികൊണ്ടാണ്. നിങ്ങളുടെ പിന്തുണ ഇനിയും ഉണ്ടാവണം നമുക്ക് ഒന്നിച്ച് ഉയരങ്ങൾ കീഴടക്കാം.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …