തൃശൂര്‍: കെ-റെയിൽ സംബന്ധിച്ച പ്രസ്താവനയിലെ വിമർശനങ്ങൾക്ക് മറുപടിയുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കെ-റെയിൽ ടിക്കറ്റ് നിരക്ക് സാധാരണക്കാർക്ക് താങ്ങാനാകാത്തതാണെന്ന വിമർശനത്തെ പരാമർശിച്ചപ്പോൾ അദ്ദേഹം തന്‍റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്നും പറഞ്ഞു. കെ-റെയിൽ ടിക്കറ്റ് നിരക്ക് താൻ പറഞ്ഞിട്ടില്ലെന്നും എന്നാൽ താരതമ്യേന കുറവാണെന്നുമാണ് പറഞ്ഞതെന്നും അദ്ദേഹം അവകാശപ്പെട്ടു.
പ്രസ്താവന യാഥാർത്ഥ്യത്തിൽ നിന്ന് വളരെ അകലെയാണെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ, ബസും ട്രെയിനും തമ്മില്‍ എത്രയാണ് നിരക്കില്‍ വ്യത്യാസമെന്ന് പഠിക്കൂ, എന്നിട്ട് ചോദിക്കുമ്പോള്‍ മറുപടി പറയാമെന്നായിരുന്നു എം വി ഗോവിന്ദൻ്റെ മറുപടി.
പാലക്കാട് തൃത്താലയിൽ ജനകീയ പ്രതിരോധ ജാഥയ്ക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കെയാണ് എം.വി ഗോവിന്ദന്‍റെ പരാമർശം. കെ റെയില്‍ വന്നാല്‍, പാലക്കാട് കൂറ്റനാടുനിന്ന് അപ്പമുണ്ടാക്കി കൊച്ചിയില്‍ കൊണ്ടുപോയി വിറ്റ് ഉച്ചഭക്ഷണത്തിനു മുമ്പ് തിരികെയെത്താമെന്നായിരുന്നു എം.വി. ഗോവിന്ദന്‍റെ പരാമർശം. ഇതിനെതിരെ കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ടി.ബൽറാം അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.