ബെംഗലൂരു: ഒത്തുതീർപ്പിന് 30 കോടി രൂപ വാഗ്ദാനം ചെയ്ത് ഇടനിലക്കാരനെ അയച്ചെന്ന ആരോപണത്തിൽ ഉറച്ച് നിന്ന് സ്വപ്ന സുരേഷ്. താൻ പറഞ്ഞതെല്ലാം വിജേഷ് സമ്മതിച്ചിട്ടുണ്ട്. വിജേഷ് പിള്ളയ്ക്കെതിരെ നിയമനടപടി സ്വീകരിക്കും. തെളിവുകൾ ഇതിനകം ഏജൻസികൾക്ക് കൈമാറിയിട്ടുണ്ട്. ഉടൻ കോടതിക്കും കൈമാറും. എം.വി ഗോവിന്ദൻ നിയമനടപടി സ്വീകരിച്ചാലും നേരിടും. വിജേഷ് പിള്ളയ്ക്ക് എതിരായ ആരോപണങ്ങളിൽ തെളിവുണ്ടെന്നും സ്വപ്ന ഫെയ്സ്ബുക്കിൽ കുറിച്ചു.
“ഇപ്പോൾ വിജേഷ് പിള്ള എന്നെ കണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്. ഹരിയാനയുടെയും രാജസ്ഥാന്‍റെയും കാര്യവും അദ്ദേഹം സമ്മതിച്ചു.
തനിക്ക് 30 കോടി രൂപ വാഗ്ദാനം ചെയ്തതായും ഇയാൾ സമ്മതിച്ചിട്ടുണ്ട്. എം വി ഗോവിന്ദന്‍റെയും യൂസഫലിയുടെയും പേരുകൾ പറഞ്ഞതായും സമ്മതിച്ചു. വിമാനത്താവളത്തിലെ ഭീഷണിയെക്കുറിച്ച് താൻ പറഞ്ഞതായും ഇയാൾ സമ്മതിച്ചിട്ടുണ്ട്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട തെളിവുകൾ ആവശ്യപ്പെട്ടതായും ഇയാൾ സമ്മതിച്ചിട്ടുണ്ട്.
എന്നാൽ മുകളിൽ പറഞ്ഞ കാര്യങ്ങൾ അദ്ദേഹം പറഞ്ഞത് മറ്റൊരു സന്ദർഭത്തിലാണ്. എനിക്ക് ഒന്നേ പറയാനുള്ളൂ.
സംഭവം നടന്നയുടൻ തന്നെ തെളിവുകൾ സഹിതം പൊലീസിനെയും ഇ.ഡിയെയും അറിയിക്കുന്നതുൾപ്പെടെ ഉചിതമായ നിയമനടപടികൾ ഞാൻ സ്വീകരിച്ചിട്ടുണ്ട്.
വിജേഷ് പിള്ളയെ ചോദ്യം ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ ഇ.ഡിയും പൊലീസും തുടങ്ങിക്കഴിഞ്ഞു.
സംഭവത്തിന് പിന്നിലെ ഉദ്ദേശ്യം എന്താണെന്നും അദ്ദേഹത്തെ ആരെങ്കിലും അയച്ചതാണോ എന്നും അറിയാൻ, ഇക്കാര്യം അന്വേഷിച്ച് യുക്തിസഹമായ നിഗമനത്തിലെത്തേണ്ടത് ഏജൻസിയാണ്.
മാനനഷ്ടത്തിനും വഞ്ചനയ്ക്കും എനിക്കെതിരെ പൊലീസിൽ പരാതി നൽകിയതായി അദ്ദേഹം ഇപ്പോൾ അറിയിച്ചിട്ടുണ്ട്. ആ നിയമ നടപടികൾ എല്ലാം തന്നെ നേരിടാൻ ഞാൻ തയ്യാറാണ്, ഇപ്പോൾ തെളിവ് പുറത്തുവിടാൻ അദ്ദേഹം എന്നെ വെല്ലുവിളിച്ചിരിക്കുകയാണ്. അത് ഞാൻ ഏറ്റെടുക്കുന്നു,” സ്വപ്ന ഫെയ്സ്ബുക്കിൽ കുറിച്ചു.