തിരുപ്പതി : അപ്പോളോ ആശുപത്രിയിലെ ന്യൂറോളജി വിഭാഗം പ്രൊഫസറും, മേധാവിയുമായ ഡോ. ബിന്ദു മേനോൻ തന്റെ സേവനം ആശുപത്രി മുറിക്കുള്ളിൽ മാത്രം ഒതുക്കാൻ തയ്യാറായിരുന്നില്ല. വൈദ്യസേവനം ലഭിക്കാത്ത ഗ്രാമങ്ങൾ തോറും ഡോക്ടറുടെ ന്യൂറോളജി ഓൺ വീൽസ് എന്ന വാഹനം സഞ്ചരിക്കുകയാണ്.
നാഡീരോഗങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ജനങ്ങൾക്കിടയിൽ വ്യാപകമാവുന്നത് തടയാനാണ് ഈ മലയാളി ഡോക്ടറുടെ പരിശ്രമം. ഒരു വ്യക്തിക്ക് സ്ട്രോക്ക് വന്നാൽ ആജീവനാന്തം കിടപ്പിലാകുമെന്നും, അപസ്മാരം എന്നത് പ്രേതബാധ ആണെന്നും വിശ്വസിക്കുന്നവർ ഇന്നും സമൂഹത്തിന്റെ പല കോണുകളിലും ഉണ്ട്. ഇത്തരം ആളുകൾ കൃത്യമായ ചികിത്സ ലഭിക്കാതെ വരുന്നതും പതിവാണ്. ഇത് തിരിച്ചറിഞ്ഞാണ് ഡോക്ടർ സ്കൂളുകളും, കോളേജുകളും കയറിയിറങ്ങി ബോധവൽക്കരണ ക്ലാസുകൾ ആരംഭിച്ചത്. അനേകായിരം അപസ്മാര രോഗികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
ഇതിന് ശേഷമാണ് ന്യൂറോളജി ഓൺ വീൽസ് എന്ന ആശയത്തിന് തുടക്കമാകുന്നത്. ഇതിനോടകം 44 ഓളം ഗ്രാമങ്ങളിലേക്ക് ഓടിയെത്തി 12,000 ത്തിലധികം ആളുകൾക്ക് വൈദ്യസഹായം നൽകാൻ ഡോക്ടർക്ക് സാധിച്ചു. 2016 ൽ അപസ്മാരം ഹെല്പ് ലൈൻ എന്ന ആപ്പും അവർ തുറന്നു. അടിയന്തര സാഹചര്യങ്ങളിൽ സഹായം വേണ്ടവർക്ക് ആപ്പ് ഉപയോഗിച്ച് ആരോഗ്യപ്രവർത്തകരെ സമീപിക്കാൻ സാധിക്കും.