Breaking News

ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നു; ‘കക്കുകളി’ നാടകത്തിനെതിരെ തൃശൂര്‍ അതിരൂപത

തൃശൂർ: ‘കക്കുകളി’ എന്ന നാടകം ക്രൈസ്തവ വിരുദ്ധമാണെന്ന് ആരോപിച്ച് തൃശൂർ അതിരൂപതയിലെ പള്ളികളിൽ പ്രതിഷേധ കുറിപ്പ് വായിച്ചു. നാടകത്തിനെതിരെ ക്രിസ്ത്യൻ സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് പള്ളികളിൽ സർക്കുലർ വായിച്ചത്. തിങ്കളാഴ്ച 9.30-ന് പടിഞ്ഞാറേകോട്ടയിൽനിന്ന് കളക്ടറേറ്റിലേക്ക് വിശ്വാസികൾ മാർച്ച് നടത്തും. അതേസമയം, നാടകത്തെ വിമർശിക്കാൻ അവകാശമുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.

കന്യാസ്ത്രീ മഠത്തിലെത്തുന്ന ഒരു പെൺകുട്ടി നേരിടുന്ന ബുദ്ധിമുട്ടുകളെ ചുറ്റിപ്പറ്റിയാണ് നാടകം. എഴുത്തുകാരൻ ഫ്രാൻസിസ് നെറോണയുടെ കഥയാണ് നാടകമായി അവതരിപ്പിച്ചത്. രാജ്യാന്തര നാടകോല്‍സവത്തില്‍ ഇത് അവതരിപ്പിച്ചിരുന്നു. ഗുരുവായൂർ നഗരസഭയുടെ സർഗോത്സവത്തിലും നാടകത്തിന് വേദിയൊരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ക്രിസ്ത്യൻ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ പരിധി ലംഘിക്കുകയും ക്രൈസ്തവ വിശ്വാസത്തെയും വിശുദ്ധരെയും അവഹേളിക്കുകയും ചെയ്യുന്ന നാടകം നിരോധിക്കണമെന്ന് അതിരൂപതയുടെ പാസ്റ്ററൽ കൗൺസിൽ ആവശ്യപ്പെട്ടു.

രാജ്യാന്തര നാടകോത്സവത്തിൽ വിവാദ നാടകം അവതരിപ്പിക്കാൻ അവസരം നൽകുകയും അഭിനേതാക്കളെ അഭിനന്ദിക്കുകയും ചെയ്ത സാംസ്കാരിക മന്ത്രിയുടെ നടപടിയെ ന്യായീകരിക്കാനാവില്ലെന്ന് കൗൺസിൽ പറഞ്ഞു. വിശ്വാസങ്ങളെയും മൂല്യങ്ങളെയും ദുർബലപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണിതെന്നും കൗൺസിൽ പറഞ്ഞു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …